വീരനായകന്‍ കരിന്തണ്ടനായി വിനായകന്‍

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായികയുടെ ചിത്രം എന്ന നിലയിലും കരിന്തണ്ടന്‍ അറിയപ്പെടും. ഗോത്ര വിഭാഗത്തിലെ ലീല സന്തോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Last Updated : Jul 5, 2018, 05:12 PM IST
വീരനായകന്‍ കരിന്തണ്ടനായി വിനായകന്‍

യനാട്ടിലെ ആദിവാസി ഊരുകളിലെ കാടിന്‍റെ മക്കള്‍ ആവേശത്തോടെ പറയുന്ന ഒരു കഥയുണ്ട്. താമരശ്ശേരി ചുരത്തിന്‍റെ സൃഷ്ടാവായ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്‍റെ കഥ.

വയനാട് ചുരത്തിലൂടെ റോഡ് വെട്ടാനായി ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി മൂപ്പനാണ് കരിന്തണ്ടന്‍. ചതിയില്‍പ്പെടുത്തി ബ്രിട്ടീഷുകാര്‍ വെടിവെച്ചുകൊന്ന ആദ്യരക്തസാക്ഷി കൂടിയായ കരിന്തണ്ടന്‍റെ ജീവിതം അഭ്രപാളിയിലേക്ക് എത്തുകയാണ്.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായികയുടെ ചിത്രം എന്ന നിലയിലും കരിന്തണ്ടന്‍ അറിയപ്പെടും. ഗോത്ര വിഭാഗത്തിലെ ലീല സന്തോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ കരിന്തണ്ടനായി വേഷമിടുന്നത് വിനായകനാണ്.

രാജീവ് രവി, മധു നീലകണ്ഠന്‍, ബി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായിക ലീലയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി 'നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി' എന്ന ഡോക്യൂമെന്ററിയിലൂടെയാണ് ലീല സന്തോഷ് സംവിധാന രംഗത്ത് ശ്രദ്ധേയയാകുന്നത്.

കെ. ജെ ബേബിയുടെ 'കനവി'ലൂടെയാണ് ലീല സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നത്. മുഖ്യധാര ചിത്രങ്ങളില്‍ രേഖപ്പെടുത്താത്തതും, കണ്ടില്ലെന്ന് നടിക്കുന്നതുമായ ആദിവാസി ജീവിതത്തെ സിനിമയില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ലീല ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. 

ആദിവാസി മേഖലയില്‍ നിന്നുമുള്ള ആദ്യത്തെ സംവിധായികയായി ലീല മാറുമ്പോള്‍ അതിനൊരു തുടര്‍ച്ചയുണ്ടാകുമെന്നുറപ്പാണ്.

Trending News