സിനിമ റിലീസ് ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ ഹിറ്റായ ഒരു റൈം ആയിരുന്നു 'നിങ്ങള്‍ക്കാദരാഞ്ജലി നേരുന്നു' എന്നത്. ഏത് സിനിമയിലെ എന്ന് പോലും അറിയാതെ ആളുകള്‍ ഈ പാട്ട് കേള്‍ക്കുകയും ഇന്‍സ്റ്റാഗ്രാം റീലുകളില്‍ പങ്കുവയ്ക്കുകയും ചെയ്തുപോന്നു. തീയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന രോമാഞ്ചം എന്ന സിനിമയിലേതായിരുന്നു ഈ ഗാനം.
വലിയ താരശരീരങ്ങള്‍ ഒന്നുമില്ലാതെ തന്നെ തീയേറ്ററുകള്‍ ഉത്സവപ്പറമ്പാക്കി തരംഗം സൃഷ്ടിക്കുകയും രോമാഞ്ചം എന്ന സിനിമ. മലയാള സിനിമയില്‍ അഡ്രസ്സുള്ള താരങ്ങളെ നോക്കിയാല്‍, സൗബിനും അര്‍ജുന്‍ അശോകനും മാത്രമാണ് രോമാഞ്ചത്തിലെ താരസാന്നിധ്യം- ഇടയ്ക്ക് വന്നുപോകുന്ന ചെമ്പന്‍ വിനോദും. എന്നാല്‍ ബാക്കിയുള്ളവര്‍ സിനിമയ്ക്കപ്പുറം മലയാളികള്‍ക്ക് പരിചിതരായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന കണ്ടന്റ് ക്രിയേറ്റേഴ്‌സ് യുവാക്കള്‍ക്കിടയില്‍ ഏറെ പരിചിതമാണ്. രോമാഞ്ചത്തിന്റെ വിജയത്തിന് പിന്നില്‍ അതും ഒരു ഘടകമെന്ന് പറയാതിരിക്കാന്‍ ആവില്ല.
വിക്കി പീഡിയയിലെ വിവരം പ്രകാരം 1.75 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. എന്നാല്‍ ആദ്യ 18 ദിവസം പിന്നിടുമ്പോള്‍ തന്നെ സിനിമയുടെ ഗ്രോസ് കളക്ഷന്‍ 45 കോടിയോളം എത്തി നില്‍ക്കുകയാണ്. അതില്‍ തന്നെ പല കളക്ഷന്‍ റെക്കോര്‍ഡുകളും രോമാഞ്ചം മറികടന്നുകഴിഞ്ഞിട്ടുണ്ട്. മള്‍ട്ടി പ്ലക്‌സുകളിലെ ചെറിയ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ, ദിവസങ്ങള്‍ക്കും വലിയ സ്‌ക്രീനുകളിലേക്ക് മാറ്റപ്പെടുകയും അവിടെയെല്ലാം ഹൗസ് ഫുള്‍ ആയി തുടരുകയും ചെയ്യുന്നുണ്ട്. കനേഡിയന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് ഇനി രോമാഞ്ചത്തിന് മാത്രം സ്വന്തമാണ്. 17 ദിവസം കൊണ്ട് 1.3 കോടി രൂപയാണ് സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആയിരുന്നു നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
സൂപ്പര്‍ താര സിനിമകള്‍ പലതും തീയേറ്ററില്‍ കിതയ്ക്കുമ്പോഴാണ് താരസാന്നിധ്യമൊന്നും ഇല്ലാത്ത ഈ ചെറിയ സിനിമ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ്, സൂപ്പര്‍ ശരണ്യ തുടങ്ങി ഇത്തരത്തിലുള്ള വിജയങ്ങളുടെ ഒരു ചെറിയ പട്ടിക മലയാള സിനിമയ്ക്കുണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. അതിനും അപ്പുറം, സിനിമയിലെ പുതുക്കക്കാരുടെ വിജയം എന്ന് വിശേഷിപ്പിക്കാം രോമാഞ്ചത്തിന്റെ ഈ വിജയത്തെ.
ഒരുപാട് തവണ പറഞ്ഞും കേട്ടും അനുഭവിച്ചും തഴമ്പിച്ച ഓജോ ബോര്‍ഡിനെ എത്രത്തോളം രസകരവും എന്‍ഗേജിങ്ങും ആയി കഥയിലേക്ക് സന്നിവേശിപ്പിച്ചു എന്നതാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ വിജയം. അഭിനയിക്കുകയാണ് എന്ന് തോന്നിപ്പിക്കാത്ത വിധം സ്‌ക്രീനില്‍ നിറഞ്ഞുനിന്ന ഓരോ അഭിനേതാക്കളും അതിന് കൂടുതല്‍ നിറംപകരുകയും ചെയ്തു. സൗബിന്‍ മാത്രമായിരിക്കാം ഓഡ് വണ്‍ ഔട്ട് എന്ന രീതിയില്‍ ആര്‍ക്കെങ്കിലും ഒക്കെ തോന്നിപ്പിച്ച ഒരു കഥാപാത്രം. എന്നിരുന്നാലും സൗബിന്റെ സാന്നിധ്യം സിനിമയ്ക്ക് കൂടുതല്‍ റീച്ച് സമ്മാനിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.
അനന്തരാമന്‍ അജയ്, സജിന്‍ ഗോപു, അബിന്‍ ബിനോ, സിജു സണ്ണി, അഫ്‌സല്‍ പിഎച്ച്, ജഗദീഷ് കുമാര്‍, ജോമോന്‍ ജ്യോതിര്‍ എന്നിവരാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് വന്ന് മുന്‍നിരയില്‍ തന്നെ കസേര വലിച്ചിട്ടിരുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ശരിക്കും രോമാഞ്ചം സൃഷ്ടിക്കുന്ന ഒരു അവസ്ഥ എന്ന് ഇതിനെ വിളിക്കാമെന്ന് തോന്നുന്നു. 'എവിടെയായിരുന്നു ഇത്രനാളും' എന്ന വിഖ്യാത സിനിമാ ഡയലോഗ് ഇവരുടെ പ്രകടനം കാണുമ്പോള്‍ സ്വാഭാവികമായും മനസ്സിലേക്ക് കടന്നുവരികയും ചെയ്യും.
ജിതു മോഹൻ എന്ന സംവിധായകനിലും തിരക്കഥാകൃത്തിലും മലയാളികൾക്ക് ഇനിയും ഏറെ പ്രതീക്ഷയർപ്പിക്കാം എന്ന് ഉറപ്പിക്കുന്നുണ്ട് രോമാഞ്ചം. കഥയുടെ ലോജിക്കിനല്ല, അത് പറഞ്ഞുവന്ന രീതിയ്ക്കാണ് കൈയ്യടി. രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് നൽകിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. പ്രേക്ഷകരെ സംബന്ധിച്ച് അതും ഒരു രോമാഞ്ച നിമിഷം തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...