ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കായ്‌പോളയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒരു അപ്പൂപ്പന്റെയും കൊച്ചുമകന്റെയും സ്നേഹത്തിന്റെയും വീൽചെയർ ക്രിക്കറ്റിന്‍റെയും കഥ പറയുന്ന ചിത്രമാണ് കായ്പോള എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ക്രിക്കറ്റ് കളിക്കിടെ ഉണ്ടാകുന്ന അപകടത്തിൽ ദേഹം തളർന്ന പോകുന്ന ഒരു യുവാവിന്റെ അതിജീവനത്തിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. ഏപ്രിൽ 7 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കായ്പോള.
കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രമാണ് കായ്പോള. വി.എം.ആർ ഫിലിംസിന്‍റെ ബാനറിൽ സജിമോൻ ആണ് കായ്പോള നിർമ്മിക്കുന്നത്. ലോക സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും വീൽചെയർ ക്രിക്കറ്റിനെപ്പറ്റിയുള്ള ഒരു സിനിമ തയ്യാറെടുക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകൾ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ആദ്യ പോസ്റ്ററിൽ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്‍റേയും കൊച്ചുമകൻ എബി കുരുവിളയുടെയും ചിത്രമാണുള്ളത്.
ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും ആണ് വേഷമിടുന്നത്. വി എം ആർ ഫിലിംസിന്‍റെ ബാനറിൽ സജിമോൻ ആണ് ചിത്രത്തിന്‍റെ നിർമാണം. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് നായിക.
കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയിരിക്കുന്നത്.
മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, പി.ആർ.ഒ : പി. ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...