മണികര്‍ണികയ്ക്ക് ശേഷം തലൈവിയായി കങ്കണ റാവത്ത്

കങ്കണയുടെ പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുളള പുതിയൊരു പ്രഖ്യാപനം വന്നത്.   

Last Updated : Mar 23, 2019, 05:23 PM IST
മണികര്‍ണികയ്ക്ക് ശേഷം തലൈവിയായി കങ്കണ റാവത്ത്

ബോളിവുഡില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കങ്കണ റാവത്ത്. നായകന്റെ നിഴലിലൊതുങ്ങാതെയുളള കഥാപാത്രങ്ങളാണ് നടി ബോളിവുഡില്‍ കൂടുതലായും ചെയ്യുന്നത്. അഭിനയ പ്രധാന്യമുളള ഏത് കഥാപാത്രങ്ങള്‍ കിട്ടിയാലും തന്റെ പ്രകടനം കൊണ്ട് കങ്കണ മികവുറ്റതാക്കാറുണ്ട്.

അടുത്തിടെ മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി റാണി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. 

മണികര്‍ണികയ്ക്ക് ശേഷമുളള കങ്കണയുടെ പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നത്.ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ കങ്കണയുടെ 32ാം പിറന്നാളാണ് ഇന്ന്. 2006ല്‍ അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി അരങ്ങേറ്റം കുറിച്ചത്. 

തുടര്‍ന്ന് നായികയായും സഹനടിയായും വില്ലന്‍ റോളുകളിലും നടി ബോളിവുഡില്‍ തിളങ്ങിയിരുന്നു. ദേശീയ പുരസ്‌കാരങ്ങളും ഫിലിം ഫെയറും അടക്കം നിരവധി അവാര്‍ഡുകളും നടി നേടി. മണികര്‍ണിക എന്ന ചിത്രത്തിലൂടെ അടുത്തിടെ നടി സംവിധായകയായും അരങ്ങേറ്റം കുറിച്ചിരുന്നു.

കങ്കണയുടെ പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുളള പുതിയൊരു പ്രഖ്യാപനം വന്നത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും, കഴിവുറ്റ നടിയുമായ ജയലളിതയുടെ ബയോപിക്ക് ചിത്രത്തിലാണ് നടി എത്തുന്നത്. ജയലളിതയുടെതായി ഏറെ നാള്‍മുന്‍പ് പ്രഖ്യാപിക്കപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു ഇത്. 

എന്നാല്‍ തലൈവിയായി വേഷമിടുന്നത് ഏത് നടിയാണെന്ന് അന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നില്ല. ഇപ്പോള്‍ ജയലളിതയായി കങ്കണ റാവത്ത് എത്തുമെന്ന് അറിഞ്ഞതോടെ എല്ലാവരിലും ആകാംക്ഷ കൂടിയിരിക്കുകയാണ്. 

തമിഴിലെ പ്രമുഖ സംവിധായകരിലൊരാളായ എ എല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവി എന്നാണ് തമിഴില്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹിന്ദിയില്‍ ജയ എന്ന പേരിലാവും സിനിമ പുറത്തിറങ്ങുക. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ജയലളിതയുടെ ബയോപിക്ക് ചിത്രത്തിനും സ്‌ക്രിപ്റ്റ് ഒരുക്കുന്നത്. വിബ്രി& കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്‍ദുരി, ഷൈലേഷ് ആര്‍ സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 

വലിയ ക്യാന്‍വാസില്‍ തന്നെയായിരിക്കും തലൈവി എന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുകയെന്നാണ് അറിയുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്.

എന്നാല്‍, ജയലളിതയുടെ ജീവിതം പറയുന്ന മറ്റു രണ്ടു സിനിമകള്‍ കൂടി പുറത്തിറങ്ങും എന്ന് പറഞ്ഞിരുന്നു. ഒന്ന് ‘ദി അയണ്‍ ലേഡി’ യാണ് പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് ജയലളിതയായി അഭിനയിക്കുന്നത്.

രണ്ടാമത്തേത്, നിര്‍മാതാവ് ആദിത്യ ഭരദ്വാജിന്റെ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ‘തായ്: പുരട്ചി തലൈവി’ ആണ്. ചിത്രത്തിന്റെ സംവിധാനം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ നിര്‍വ്വഹിക്കുമെന്നാണ് മുന്‍പ് പ്രഖ്യാപനമുണ്ടായിരുന്നത്.

Trending News