ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലെ സൂപ്പർജോഡികളായി മാറിയവരാണ് നടൻ ഷെയ്ൻ നിഗവും നടി മഹിമ നമ്പ്യാരും. ആർ ഡി എക്സ്. എന്ന ചിത്രത്തിൽ റോബർട്ടും മിനിമോളും ഒന്നിക്കാതെ പോയതിൽ പ്രേക്ഷകർക്ക് വലിയ നിരാശയായിരുന്നു. ഇപ്പോഴിതാ ചിത്രം തീർത്ത ഓളം മായും മുൻപേ ഇരുവരുടേയും രണ്ടാമത്തെ സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. 'ലിറ്റിൽ ഹാർട്സ്' എന്ന സിനിമയിലൂടെയാണ് ഈ സൂപ്പർ കോമ്പോ വീണ്ടും ഒന്നിക്കുന്നത്.
ബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമയിൽ സിബി, ശോശ എന്നീ കഥാപാത്രങ്ങളായാണ് ഷെയ്നും, മഹിമയും എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'ലിറ്റിൽ ഹാർട്സ്' എന്ന സിനിമയുടെ വിശേഷങ്ങൾ സീ മലയാളം ന്യൂസുമായി പങ്കുവെക്കുകയാണ് നടി മഹിമാ നമ്പ്യാർ.
ഷെയ്നിനൊപ്പം വീണ്ടും...
ഷെയനിന്റെ കൂടെ ഇത്രയും പെട്ടെന്ന് മറ്റൊരു സിനിമയിൽ ഒന്നിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. ആർ ഡി എക്സിന് ശേഷം ഏകദേശം ഒരുമാസം കഴിയുന്നതിനു മുമ്പേ വന്ന ആദ്യ പ്രോജക്റ്റാണ് 'ലിറ്റിൽ ഹാർട്സ്'. മറ്റു പ്രോജക്റ്റുകൾ എല്ലാം അതിനു ശേഷമാണ് വന്നത്.
മലയാളിയെന്നു പോലും അറിയില്ലായിരുന്നു..
എന്റെ കരിയറിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന സിനിമയാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ ഡി എക്സ്. എന്നെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത് ഈ സിനിമയിലൂടെയാണ്. അത് വരെ ഞാൻ മലയാളി ആണെന്ന കാര്യം പോലും പലർക്കും അറിയില്ലായിരുന്നു. അതിന് മുമ്പ് റിലീസ് ചെയ്ത മാസ്റ്റർപീസ് ആയാലും മധുരരാജ ആയാലും ഞാനൊരു ഫുൾ ലെങ്ത് റോൾ ആയിരുന്നില്ല ചെയ്ത്. എന്നാൽ ആർ ഡി എക്സ് അങ്ങനെയല്ല. നായികാ പ്രാധാന്യമുള്ള കഥാപാത്രമാണ് ചെയ്തത്, അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് എന്നെ നന്നായി തിരിച്ചറിയാൻ സാധിച്ചു.
ALSO READ: ലോകേഷ് കനകരാജിന്റെ 'ഫൈറ്റ് ക്ലബ്' വരുന്നു; ആദ്യ ഗാനം എത്തി
അത് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീലാണ്..
ആർഡിഎക്സിന് ശേഷമാണ് എനിക്ക് മലയാളത്തിൽ നിന്നും നല്ല കഥാപാത്രങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഇപ്പോൾ ആളുകൾ എന്നെ കാണുമ്പോഴും ചോദിക്കുന്നത് ആർഡിഎക്സിൻ്റെ വിശേഷങ്ങൾ തന്നെയാണ്. കണ്ടു, ഇഷ്ടപ്പെട്ടു എന്നിങ്ങനെ.. മാത്രമല്ല മിനി എന്ന ആർഡിഎക്സിലെ പേരാണ് പലരും എന്നെ കാണുമ്പോൾ വിളിക്കുന്നത്. നമ്മൾ ചെയ്ത ഒരു കഥാപാത്രത്തിന്റെ പേരിൽ അഡ്രസ് ചെയ്യുന്നതും അത് കേൾക്കുന്നതുമൊക്കെ വല്ലാത്തൊരു ഫീലാണ്.
ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ...
പച്ചായായ ഒരു കൂട്ടം മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെയും വികാരങ്ങളുടേയും കഥ പറയുന്ന സിനിമയാണ് 'ലിറ്റിൽ ഹാർട്സ്'. ഹൃദയ സ്പർശിയായ ഒരു ചിത്രം. രണ്ടു വ്യക്തികൾ തമ്മിലുള്ള കഥയല്ല... ഒരു കൂട്ടം മനുഷ്യർക്കിടയിലുള്ള ശക്തമായ ബന്ധങ്ങളുടെ കഥയാണ്. നമ്മൾ നിത്യ ജീവിതത്തിൽ കാണുന്ന., നമുക്ക് കണക്റ്റ് ചെയ്യാൻ കഴയുന്ന ഒരുപാട് കഥാപാത്രങ്ങൾ ലിറ്റിൽ ഹാർട്സിൽ ഉണ്ട്.
ഈ പടത്തിലെങ്കിലും ഒന്നിക്കുമോ..?
ലിറ്റിൽ ഹാർട്ട്സുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ പലരും കമ്മന്റിലൂടെയും മറ്റും ചോദിച്ച കാര്യമാണ് ഇത്തവണയെങ്കിലും ഞങ്ങൾ ഒന്നിക്കുമോ എന്ന്. അത് തൽക്കാലം സസ്പെൻസ് ആയിരിക്കട്ടെ... എന്ത് സംഭവിക്കും എന്നത് സിനിമ കണ്ട് മനസ്സിലാക്കാം.
ഉടനെ പ്രേക്ഷരിലേക്ക് എത്തുമോ..?
സിനിമയുടെ ഷൂട്ടിങ് എല്ലാം വളരെ പെട്ടെന്നാണ് പൂർത്തിയായത്. ഉടനെ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
പുതിയ സിനിമ...
ലിറ്റിൽ ഹാർട്ട്സ് കൂടാതെ മലയാളത്തിൽ ജയ് ഗണേശ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുകയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ ആണ് പ്രാധാന വേഷത്തിൽ എത്തുന്നത്.
കട്ടപ്പനയുടെ മനോഹാരിതയിൽ ഒരുങ്ങുന്ന 'ലിറ്റിൽ ഹാർട്സ്'എന്ന സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാബുരാജ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി,എയ്മ റോസ്മി, മാലാ പാർവതി, അനു മോഹൻ, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരാണ്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ ആണ്.