Mamukkoya Funeral: താരരാജാക്കന്‍മാര്‍ വരാതെ മാമുക്കോയയുടെ അന്ത്യയാത്ര; മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും വന്നില്ല

Mammootty, Mohanlal, and Mamukkoya: ഇന്നസെന്റിന്റെ അന്ത്യയാത്രയിൽ മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളും ഓടിയെത്തിയിരുന്നു. അതാണ് സിനിമാ ആരാധകരെ ചൊടിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 12:31 PM IST
  • ഇന്നസെന്റിന്റെ മരണസമയത്ത് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും എല്ലാം എത്തിയിരുന്നു
  • ഇടവേള ബാബു മാത്രമാണ് താരസംഘടനയെ പ്രതിനിധീകരിച്ച് എത്തിയത്
  • സിനിമ താരങ്ങളായ ജോജു ജോർജ്ജും ഇർഷാദും മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അർപിക്കാൻ എത്തിയിരുന്നു
Mamukkoya Funeral: താരരാജാക്കന്‍മാര്‍ വരാതെ മാമുക്കോയയുടെ അന്ത്യയാത്ര; മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും വന്നില്ല

കോഴിക്കോട്: മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത പ്രിയതാരം മാമുക്കോയയുടെ ഖബറടക്കം കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ നടന്നു. പതിനായിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ അവാസനമായി കാണാന്‍ വീട്ടിലും കോഴിക്കോട് ടൗണ്‍ ഹാളിലും എത്തിയിരുന്നു. എന്നാല്‍ മലയാളത്തിലെ താരരാജാക്കന്‍മാരുടെ അസാന്നിധ്യം അവസാന നിമിഷം വരെ ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ മാസം ഇന്നസെന്റിന്റെ വിയോഗം സൃഷ്ടിച്ച ദു:ഖത്തില്‍ നിന്ന് മലയാള സിനിമ മുക്തമാകും മുമ്പായിരുന്നു മാമുക്കോയയുടെ മരണം. ഇന്നസെന്റിന്റെ മരണത്തെ തുടര്‍ന്ന് മലയാള സിനിമാലോകം മുഴുവനും കൊച്ചിയിലും ഇരിഞ്ഞാലക്കുടയിലും ആയി എത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ നിന്ന് വിമാനം ചാര്‍ട്ട് ചെയ്ത് മോഹന്‍ലാല്‍ പറന്നെത്തിയിരുന്നു. വിങ്ങിപ്പൊട്ടുന്ന സത്യന്‍ അന്തിക്കാടിനെ പോലുള്ള സംവിധായകരേയും അന്ന് ലോകം കണ്ടു.

Read Also: ചിരിയുടെ സുൽത്താന് വിടചൊല്ലി കലാകേരളം; മാമുക്കോയയ്ക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം

എന്നാല്‍ മാമുക്കോയയെ അവസാനമായി ഒന്ന് കാണാന്‍ ഇവരില്‍ മിക്കവരും എത്തിയില്ല എന്നതാണ് വാസ്തവം. മമ്മൂട്ടിയുമായും മോഹന്‍ലാലുമായും സുരേഷ് ഗോപിയുമായും ദിലീപുമായും എല്ലാം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു മാമുക്കോയയും. എന്നാല്‍, ആരേയും അന്ധമായി പിന്തുണയ്ക്കുകയോ അവരുടെ ആളായി നില്‍ക്കുകയോ ചെയ്തിരുന്നില്ല എന്നതും യാഥാര്‍ത്ഥ്യം. 

മാമുക്കോയയ്ക്ക് അടുത്തിടെ ഏറ്റവും അധികം അഭിപ്രായം നേടിക്കൊടുത്ത സിനിമ ആയിരുന്നു പൃഥ്വിരാജിന്റെ കുരുതി. ഈ കഥാപാത്രത്തെ പ്രശംസിച്ച് പൃഥ്വിരാജ് തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹവും മാമുക്കോയയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല. 

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്താ ചാനലുകളുടെ യൂട്യൂബ് തത്സമയ സംപ്രേഷണത്തിന് കീഴില്‍ കമന്റുകളായും പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുണ്ട്. മലബാറുകാരന്‍ ആയതുകൊണ്ടാണോ മാമുക്കോയയുടെ അന്ത്യയാത്രയില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ എത്താതിരുന്നത് എന്നാണ് ചിലരുടെ ചോദ്യം. താരതാജാക്കൻമാർ എത്തിയില്ലെങ്കിലും സാധാരണക്കാ‍ർ ഒഴുകിയെത്തിയല്ലോ എന്നാണ് മറ്റ് ചിലർ ആശ്വസിക്കുന്നത്. ഇന്നസെന്റ് മരിച്ചപ്പോൾ വിങ്ങിപ്പൊട്ടിക്കരഞ്ഞ സത്യൻ അന്തിക്കാട് എന്തുകൊണ്ട് മാമുക്കോയയെ കാണാൻ എത്തിയില്ല എന്ന് രോഷം കൊള്ളുന്നവരും ഉണ്ട്. 

താരസംഘടനയായ എഎംഎംഎയ്ക്ക് വേണ്ടി ഇടവേള ബാബു അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പിച്ചിരുന്നു. സിനിമ മേഖലയില്‍ നിന്ന് പിന്നീട് എത്തിയവരില്‍ പ്രമുഖര്‍ നടന്‍മാരായ ജോജു ജോര്‍ജ്ജും ഇര്‍ഷാദും ആയിരുന്നു. മുന്‍ എംഎല്‍എയും സംവിധായകനും ആയ ആര്യാടന്‍ ഷൗക്കത്തും എത്തിയിരുന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍കോവിലും അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News