മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ഫേസ് 5 ന്‍റെ ഭാഗമായി പുറത്തിറങ്ങാനിരിക്കുന്ന ഡിസ്നി പ്ലസ് സീരീസാണ് ഡെയർഡെവിൾ ബോൺ എഗൈൻ. വർഷങ്ങൾക്ക് ശേഷം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്തിരുന്ന ഡെയർഡെവിൾ സീരീസ് പുതിയ രൂപത്തിലാണ് ഡിസ്നി പ്ലസിൽ എത്തുന്നത്. ഇതോടെ മാർവലിന്‍റെ മെയിൻ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി ഡെയർഡെവിൾ മാറി. ഈ സീരീസിന് മുന്നോടിയായി ഷീ ഹൾക്ക് വെബ് സീരീസിൽ ഡെയർഡെവിളിന്‍റെ ഒരു അതിഥി വേഷം നമ്മൾ കണ്ടിരുന്നു. സ്പൈഡർമാൻ നോ വേ ഹോമില്‍ ഡെയർഡെവിളിന്‍റെ വേഷത്തിൽ അനീതികൾക്കെതിരെ യുദ്ധം ചെയ്യുന്ന മാറ്റ് മർഡോക്കായും ഈ കഥാപാത്രം എത്തിയിരുന്നു.
ചാർളി കോക്സ് ആണ് ഈ കഥാപാത്രത്തെ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ഇപ്പോൾ ഡെയർഡെവിൾ ബോൺ എഗൈൻ എന്ന സീരീസിനെക്കുറിച്ചുള്ള ചില റൂമറുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയം ആകുകയാണ്. വൈറ്റ് ടൈഗർ എന്ന കഥാപാത്രം ഡെയർഡെവിളിനൊപ്പം ഈ സീരീസിലെത്തും എന്നതാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വിവരം. ആദ്യമായാണ് ഒരു ലൈവ് ആക്ഷൻ മാർവൽ കണ്ടന്‍റില്‍ വൈറ്റ് ടൈഗർ എന്ന കോമിക് കഥാപാത്രം എത്തുന്നത്. ജെന്ന ഒർട്ടേഗയാണ് ഈ കഥാപാത്രത്തെ സ്ക്രീനിലെത്തിക്കുന്നതെന്നും റൂമറുകൾ നിലനിൽക്കുന്നുണ്ട്. ആരാണ് ശരിക്കും ഈ വൈറ്റ് ടൈഗറെന്ന് പരിശോധിക്കാം.
ഏതാണ്ട് ബ്ലാക്ക് പാന്തറിന്‍റെ മാന്‍റിലിന് സമാനമായി തലമുറകളായി കൈമാറി വരുന്ന ഒരു സ്ഥാനമാണ് വൈറ്റ് ടൈഗർ എന്നത്. കഴുത്തിൽ ധരിക്കുന്ന ഒരു പ്രത്യേക മാല കാരണമാണ് വൈറ്റ് ടൈഗറിന് ശക്തി കിട്ടുന്നത്. പ്രധാനമായും രണ്ട് വൈറ്റ് ടൈഗർമാരാണ് കോമിക്സിൽ ഉള്ളത്. എവ അയലയും അവരുടെ മൂത്ത സഹോദരൻ ഹെക്ടർ അയലയുമാണ് കോമിക്സില്‍ പ്രധാനമായും വൈറ്റ് ടൈഗർമാരാകുന്നത്. ഇതിൽ എവ അയലയാകും ഡെയർഡെവിൾ ബോൺ എഗൈനിൽ വൈറ്റ് ടൈഗറായി എത്തുന്നത്.
വൈറ്റ് ടൈഗർ എന്ന പദവി ഏറ്റെടുക്കുന്നവർക്ക് അസാധാരണമായ വേഗവും ശക്തിയും എല്ലാം ലഭിക്കും. എന്നാൽ ഏതാണ്ട് മൂൺനൈറ്റിന് സമാനമായി സൂപ്പർ പവർ ലഭിക്കുന്ന ആളെ വൈറ്റ് ടൈഗർ ഗോഡ് സ്വാധീനിക്കുകയും അവരുടെ വരുധിയിലാക്കുകയും ചെയ്യുന്നു. എന്നാൽ കോമിക്സിൽ എവ അയലക്ക് വൈറ്റ് ടൈഗർ ഗോഡിന്‍റെ നിയന്ത്രണത്തിൽ നിന്ന് മാറി സ്വയം നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുന്നുണ്ട്. കോമിക്സിൽ നിന്ന് സീരീസിലേക്ക് വരുമ്പോൾ മാർവൽ വൈറ്റ് ടൈഗറിനെ ഏത് രീതിയിൽ അവതരിപ്പിക്കുമെന്ന് കണ്ട് തന്നെ അറിയണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...