ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. മേടസൂര്യന്‍റെ എന്ന് തുടങ്ങുന്ന ഗാനം കാണികള്‍ക്ക് പുതിയ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.
ഗായകരായ സിത്താരയും മിഥുന്‍ ജയരാജും സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഉടലാഴം. ആദിവാസ ഗോത്രസമൂഹത്തിന്‍റെ ആചാരങ്ങളുടെ അനുഭവം പകരുന്ന 'മേടസൂര്യന്‍റെ' എന്ന് തുടങ്ങുന്ന ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് സിത്താരയാണ്. സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളയുടേതാണ് വരികള്‍.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ചു പേര്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഉടലാഴത്തിനുണ്ട്. പുരസ്കാര ജേതാക്കളായ ഗായിക സിത്താര, നടന്‍ ഇന്ദ്രൻസ്, എഡിറ്റര്‍ അപ്പു ഭട്ടതിരി, ശബ്ദ സന്നിവേശകന്‍ രംഗനാഥ് രവിഎന്നിവര്‍ ഉടലാഴത്തില്‍ ഒന്നിക്കുന്നു. പ്രമേയത്തിലും അവതരണത്തിലും പുതുമ നിലനിറുത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദാണ്.
ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ആദിവാസി ബാലന്‍ മണി നായകനാകുന്ന ചിത്രം കൂടിയാണ് ഉടലാഴം. മണിക്കൊപ്പം അനുമോള്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, നിലമ്പൂര്‍ ആയിഷ, സജിത മഠത്തില്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. സിനിമാ പ്രേമികളായ ഒരു കൂട്ടം ഡോക്ടര്‍മാരാണ് ചിത്രം നിര്‍മിക്കുന്നത്.