കൊച്ചി : മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - വൈശാഖ് ചിത്രം മോൺസ്റ്ററിന്റെ ട്രെയിലർ ഒക്ടോബർ 9ന് ഞായറാഴ്ച പുറത്ത് വിടും. ദീപാവലിയോട് അനുബന്ധിച്ച് ഒക്ടോബർ അവസാനം മോൺസ്റ്റർ തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. അതേസമയം ഷൂട്ടിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അവസാനിച്ചിട്ട് നാളുകൾ ഏറെയായിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ ഏറ്റവും അപ്ഡേറ്റായി ട്രെയിലർ 9-ാം തീയതി രാവിലെ 11 മണിക്ക് പുറത്ത് വിടുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
"ചെകുത്താനെ കണ്ടുമുട്ടാനുള്ള കാത്തിരിപ്പിന് വിരാമം! മോൺസ്റ്ററിന്റെ ഔദ്യോഗിക ട്രെയിലർ ഒമ്പതാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് പുറത്ത് വിടും" മോഹൻലാൽ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
ALSO READ : Ini Utharam Movie Review: കരുത്തുള്ള ഇമോഷണൽ ത്രില്ലർ; അപർണയും ഷാജോണും തകർത്തു; "ഇനി ഉത്തരം" സൂപ്പർ
The wait to meet the devil is finally getting over!
Stay on high alert for the official trailer of #Monster coming out this Sunday 9th October 2022 at IST 11:00 am!#MonsterTrailer pic.twitter.com/jw9xDrhPgn— Mohanlal (@Mohanlal) October 7, 2022
മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. പഞ്ചാബി വേഷത്തിലുള്ള മോഹൻലാലിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ. ഈ വര്ഷം ആദ്യമാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവിട്ടത്. ആദ്യമായിട്ടാണ് മോഹൻലാൽ ഒരു പഞ്ചാബി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ലോക്പാൽ എന്ന ജോഷി ചിത്രത്തിൽ ഒരു പഞ്ചാബി വേഷത്തിൽ എത്തുന്നുണ്ടെങ്കിലും അത് സിനിമയ്ക്കുള്ളിൽ വേഷപകർച്ച മാത്രമായിരുന്നു.
പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു. മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്.
അതേസമയം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം റാമിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് രോഗത്തെ തുടർന്ന് നിർത്തി വെച്ച ചിത്രത്തിൻറെ ഷൂട്ടിങ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിങ് നീണ്ട് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ൽ തന്നെ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു. "അവന് അതിർത്തികളില്ല" എന്ന ടാഗ്ലൈനോട് കൂടിയയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയത്. ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നും, നിരവധി ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുമെന്നും ഇതിനിടയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മോൺസ്റ്ററിന് പിന്നാലെ മറ്റൊരു ആക്ഷൻ ചിത്രവുമായിട്ടാണ് വൈശാഖ് എത്തുന്നത്. ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് ഹോങ്കോങ്-യുഎസ് മാർഷ്യൽ ആർട്സ് താരമായ ബ്രൂസ് ലീയുടെ പേരാണ് നൽകിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ബ്രൂസ് ലീ നിർമിക്കുന്നത്. വിസി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് സഹനിർമാതാക്കൾ. വൈശാഖ് ചിത്രങ്ങളിൽ സ്ഥിരം ക്യാമറ കൈകാര്യം ചെയ്യുന്ന ഷാജി കുമറാണ് ബ്രൂസ് ലീയുടെ ഛായഗ്രഹകനും. ബിഗ് ബോസ് ഫെയിം ഡോ. റോബിൻ രാധാകൃഷ്ണനും വൈശാഖ് ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...