നിരവധി പ്രശംസകൾ നേടിയ മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന് മറ്റൊരു നേട്ടം കൂടി. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണിത്. തിയേറ്ററിൽ ഗംഭീര പ്രതികരണം നേടിയ ചിത്രം ഒടിടിയിലും മികച്ച അഭിപ്രായം നേടി. ഇപ്പോഴിത പുതിയൊരു നേട്ടം കൂട ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിൽ നൻപകലും ഇടം പിടിച്ചിരിക്കുകയാണ്.
ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ആദ്യ സ്ഥാനമാണ് 'നൻപകൽ നേരത്ത് മയക്കം' സ്വന്തമാക്കിയിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ സ്ഥാനം നേടുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണിത്. ഫ്രഞ്ച് ചിത്രം ജുംബോ (Jumbo), എ ഹ്യൂമൻ പൊസിഷൻ, Domestique, ദ ഷോ എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ചിത്രങ്ങൾ.
കേരള ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം നേടി ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഓഫ്ബീറ്റ് ചിത്രമായിരുന്നെങ്കിലും ബോക്സ്ഓഫീസിലും നൻപകൽ നേരത്ത് മയക്കം ലാഭം നേടിയെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്തത്. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...