ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഹാസ്യകലാകാരന്‍ കുനല്‍ കംറ.
അര്‍ണാബ് ഗോസ്വാമിയോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നമ്പര്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച് മെസേജ് അയച്ചിട്ടും തിരിച്ച് മറുപടിയൊന്നും ലഭിച്ചില്ലെന്നും കുനാല്‍ ട്വീറ്റ് ചെയ്തു.
ഇതെന്റെ നമ്പറാണെന്നും ഞാനുമായി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാമെന്നും കാണിച്ച് കുനാല്‍ കമ്ര അര്‍ണാബ് ഗോസ്വാമിയ്ക്ക് അയച്ച മെസേജും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
എന്താണ് ദേശം, ആരാണ് ദേശീയവാദി എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു കുനാല്‍ കമ്ര പറഞ്ഞത്.
മുംബൈയില്‍ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കംറ അര്‍ണാബിനോട് ചോദിച്ചത്.
ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനല്‍ കംറയ്ക്ക് എയര്‍ ഇന്ത്യയും ഇന്‍ഡിഗൊയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അര്‍ണബിന്റെ പരിപാടിയില്‍ ജാതി വിവേചനം നേരിട്ട് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയുടെ ജാതി ചര്‍ച്ച ചെയ്തതിനു വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് വായിക്കണമെന്നും വീഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്.
താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെയാണോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആക്രമിച്ചു കയറുന്നത്, അതുപോലെ താനും ചെയ്തു നോക്കി എന്നേയുള്ളൂവെന്നും കുനാല്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ തനിക്ക് ദുഖം തോന്നില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറയുന്നു.