കൊച്ചി: സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒറ്റക്കൊമ്പനിൽ നായികയായി തെന്നിന്ത്യയിലെ തന്നെ മികച്ച നടികളിൽ ഒരാളായ അനുഷ്ക ഷെട്ടി എത്തുമെന്ന് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഒറ്റക്കൊമ്പൻ. ചിത്രത്തിൽ അനുഷ്ക ഷെട്ടി എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആരാധകരുടെ ആവേശം വർധിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഈ വര്ഷം ഏപ്രിലിൽ പുറത്തുവിട്ടിരുന്നു. ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്ത് വിട്ടത്. മാത്യു തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പകുതി മുഖം മറച്ച ചിത്രമാണ് പോസ്റ്ററിൽ നൽകിയിരുന്നത്. സുരേഷ് ഗോപിയുടെ 250 മത് ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രം സുരേഷ് ഗോപിയുടെ മറ്റൊരു മാസ് എന്റെർറ്റൈനെർ ആകുമെന്നാണ് പ്രതീക്ഷ.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിൻറെ പ്രഖ്യാപനത്തിന് ശേഷം നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ഷാജി കൈലാസ് ചിത്രം കടുവ തിരക്കഥാകൃത്ത് കേസ് നൽകിയതിനെ തുടർന്ന് കോടതി ഒറ്റക്കൊമ്പന് വിലക്കേർപ്പെടുത്തിയിരുന്നു.
ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവർത്തകർ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു. കേസിൽ നിലവിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പകര്‍പ്പവകാശ കേസാണ് ഫയൽ ചെയ്തിരുന്നത്. കടുവ ജൂലൈ 7 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച വിജയം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു.
അതേസമയം സുരേഷ്‌ഗോപിയുടെ ചിത്രം പാപ്പനും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻറെ റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രം ജൂലൈ 29 ന് തീയേറ്ററുകളിൽ എത്തും. സുരേഷ് ഗോപിയുടെ അത്യുഗ്രൻ തിരിച്ച് വരവാകും പാപ്പൻ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയുടെ സംവിധാനത്തിലാണ് ചിത്രമെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന എല്ലാ അപ്ഡേറ്റുകളും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പാപ്പൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...