അപ്രതീക്ഷിതമായെത്തിയ നടൻ പ്രതാപ് പോത്തന്‍റെ വിയോഗ വാര്‍ത്ത സിനിമ മേഖലയെയും ഒപ്പം ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. അരങ്ങിൽ അണിയാൻ ഒരുപിടി വേഷങ്ങൾ ബാക്കി വച്ചാണ് അദ്ദേഹത്തിന്‍റെ യാത്ര. സംവിധായകനായും നടനായും തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്‍റെ ജീവിത വഴികൾ പക്ഷേ കഠിനമായിരുന്നു. തിരുവനന്തപുരത്തെ സമ്പന്ന കുടുംബത്തില്‍ ജനനം. ഒരു പ്രയാസവും അറിയാതെ വളര്‍ന്ന ബാല്യം. പ്രതാപ് പോത്തന്‍റെ ജീവിതത്തിലെ വലിയ വഴിത്തിരിവ് കുടുംബ ബിസിനസിലെ തകര്‍ച്ചയായിരുന്നു.
മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്താണ് സാമ്പത്തിക ഭദ്രത മുഴുവന്‍ തകര്‍ന്ന് ബിസിനസുകള്‍ ഒന്നൊന്നായി തകരുന്നത്. പഠനം പോലും പാതി വഴിയിൽ. ഒരു വിധത്തില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിഎ പൂര്‍ത്തിയാക്കി മുംബൈയ്ക്ക് വണ്ടി കയറുന്നു. എം.സി.എം എന്ന പരസ്യക്കമ്പനയില്‍ പ്രൂഫ് റീഡറും കോപ്പി റൈറ്ററുമായി ജോലി ചെയ്തു. പല ജോലികളും നോക്കി ഒടുവില്‍ വിധിനിയോഗം പോലെ വീണ്ടും മദ്രാസില്‍ എത്തുന്നു. ജോലിക്കൊപ്പം അല്‍പം നാടകപ്രവര്‍ത്തനത്തനവും. ഗിരീഷ് കര്‍ണാട് ഉള്‍പ്പെട്ട 'മദ്രാസ് പ്ലേയേഴ്സ്' എന്ന നാടകസംഘത്തില്‍ അഭിനേതാവായി. ആ നാടകത്തിലെ വേഷം സംവിധായകൻ ഭരതന്‍റെ ശ്രദ്ധയിൽ പെടുന്നു . അങ്ങനെ ഭരതന്‍റെ അടുത്ത സിനിമയായ ആരവം പ്രതാപ് പോത്തന്റെ അരങ്ങേറ്റ സിനിമയായി.
അടുത്തതായിരുന്നു തകര. നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിലെ മുന്‍നിര സംവിധായകർക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള വഴി തുറന്നു. വൈകാതെ സ്വന്തം സിനിമ എന്ന ആഗ്രഹം 'മീണ്ടും ഒരു കാതല്‍ കതൈ' എന്ന ചിത്രത്തിലൂടെ സാക്ഷാത്കരിക്കുന്നു. ആ സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി പുരസ്കാരം നേടി. തുടർന്ന് ഡെയ്‌സി, വെറ്റ്‌റിവിഴ, ആത്മ, ചൈതന്യ, യാത്രാമൊഴി തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകള്‍ പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തി.
'മീണ്ടും ഒരു കാതല്‍ കഥൈ' ആയിരുന്നു പ്രതാപ് പോത്തന്റെ ആദ്യവിവാഹത്തിലേക്ക് നയിച്ചത്. ചിത്രത്തിലെ നിര്‍മാതാവും നായികയുമായ രാധികയുമായിട്ടായിരുന്നു ആദ്യ വിവാഹം. കഷ്ടിച്ച് രണ്ടുവര്‍ഷം മാത്രമേ ഈ ബന്ധത്തിന് ആയുസ്സുണ്ടായുള്ളു. പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി. തുടർന്ന് 1990ല്‍ പരസ്യരംഗത്ത് വീണ്ടും സജീവമാകുന്നു. അതിനിടെയാണ് ടാറ്റയില്‍ ജനറല്‍ മാനേജരായിരുന്ന അമലയുമായുള്ള വിവാഹം. 22 വര്‍ഷം നീണ്ട ദാമ്പത്യത്തിന് 2012ല്‍ വിരാമമിട്ടു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.
പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ മടങ്ങി വരവ്. തുടർന്ന് അവസാനം ഇറങ്ങിയ സി.ബി.ഐ 5 വരെ മലയാളികൾ എന്നെന്നും ഓർമിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. നൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. മോഹൻലാൽ ചിത്രം ബറോസാണ് അവസാനമായി അഭിനയിച്ച ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...