ഗാനകോകിലം എസ്.ജാനകി മരിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളും ചർച്ചകളുമായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പലരും ഗായികയ്ക്കു പ്രണാമം അർപ്പിച്ചു ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുകപോലും ചെയ്തു. ഇപ്പോഴിതാ വ്യാജ പ്രചാരണങ്ങൾക്കെതിരെ രോഷത്തോടെ പ്രതികരിച്ചിരിക്കുകയാണ് ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം.
എസ്.ജാനകിയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ച് ഇരുപതിലേറെ ഫോൺ കോളുകളാണു തനിക്കു ലഭിച്ചതെന്നും ഇത് എന്ത് അസംബന്ധമാണെന്നും ഗായകൻ രോഷത്തോടെ ചോദിച്ചു. സമൂഹമാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു. രോഷത്തോടെയും സങ്കടത്തോടെയുമാണ് എസ്പി ബാലസുബ്രഹ്മണ്യം സംസാരിച്ചത്.
Posted by S. P. Balasubrahmanyam on Sunday, June 28, 2020
'ഞാൻ ജാനകിയമ്മയോട് സംസാരിച്ചു, അവർ സുഖമായിരിക്കുന്നു, ആരോഗ്യവതിയാണ്. ദയവായി ഇതുപോലുള്ള അസംബന്ധങ്ങൾ പുലമ്പാതിരിക്കു, ഒരുപക്ഷെ അവരെ ഒരുപാട് ആരാധിക്കുന്ന ആരെങ്കിലും ഇത് കേട്ടാൽ ഹാർട്ട് അറ്റാക്ക് തന്നെ വന്നേനെ. സാമൂഹ്യമാധ്യമങ്ങൾ നല്ലത് പങ്കുവയ്ക്കാൻ ഉപയോക്കു, എല്ലാവർക്കും നല്ലത് വരട്ടെ' എസ്പിബി പറഞ്ഞു.