ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. പേരിലെ കൗതുകം ചിത്രത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നതാണ് ചിത്രത്തിന്റെ ടീസർ. തമാശകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഒരു വെള്ളക്കാ കേസ് ആയിരിക്കും ചിത്രം എന്ന് ടീസറിലൂടെ സൂചന ലഭിക്കുന്നു. മോഹൻലാൽ, മഞ്ജു വാര്യർ, അജു വർഗീസ് തുടങ്ങിയവർ ടീസർ പങ്കുവച്ചിട്ടുണ്ട്.
വളരെ രസകരമായ ഡയലോഗുകളും പശ്ചാത്തല സംഗീതവും ചിത്രം കാണുന്നതിനായി പ്രേക്ഷകിരിൽ കൂടുതൽ ആവേശം സൃഷ്ടിക്കുന്നതാണ്. ടീസർ ഇറങ്ങി വളരെ കുറച്ച് നേരത്തിനുള്ളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരുന്നു. വിവിധ ഭാഷകളിൽ പുരത്തിറക്കിയ പോസ്റ്റർ പ്രേക്ഷകരിൽ ചെറിയ സംശയവും ഉണ്ടാക്കിയിരുന്നു. സൗദി വെള്ളക്ക ഒരു പാൻ ഇന്ത്യ ചിത്രമാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
മെയ് 20ന് സൗദി വെള്ളക്ക തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഓപ്പറേഷൻ ജാവയ്ക്ക് മുൻപ് തന്റെ ആദ്യ ചിത്രമായി ഇറക്കുന്നതിന് വേണ്ടി തരുൺ മൂർത്തി എഴുതിയ ചിത്രമാണ് സൗദി വെള്ളക്ക. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച വേളയിൽ സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അതിന് മുൻപേ ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുകയായിരുന്നു. ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ തരുൺ മൂർത്തി സീ മലയാളം ന്യൂസിനോടായി അറിയിച്ചിരുന്നു.
സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് നിർമ്മാണം. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു സന്ദീപ് സേനൻ. ഓപ്പറേഷൻ ജാവയിലെ അഭിനേതാക്കൾ ഈ ചിത്രത്തിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ, ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...