സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂര്യ 42 ന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്. ഇപ്പോൾ ഷൂട്ടിങിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ. ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തിൻറെ ഷൂട്ടിങ് രംഗങ്ങൾ പങ്കുവെക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നിർദ്ദേശവുമായി അണിയറ പ്രവർത്തകർ രംഗത്തെത്തിയത്. കൂടാതെ ഇതുവരെ പ്രചരിപ്പിച്ച ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Please Don't Share Any Shooting Spot Videos and Photos about #Suriya42 pic.twitter.com/idnGu4VXvz
— Studio Green (@StudioGreen2) September 25, 2022
ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഈ മാസം ആദ്യം പുറത്തുവിട്ടു. ഇതൊരു 3 ഡി ചിത്രമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ പത്തു ഭാഷകളിലായി ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യയോടൊപ്പം ദിഷ പട്ടാണിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. സ്റ്റുഡിയോ ഗ്രീനിന്റെയും യുവി ക്രീയേഷന്സിന്റെയും ബാനറിൽ കെഇ ജ്ഞാനവേൽരാജയും വംശി, പ്രമോദ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂര്യ 42.
ALSO READ: Suriya 42 Movie : പത്ത് ഭാഷകളിൽ 3 ഡി ചിത്രവുമായി സൂര്യ; സൂര്യ 42 മോഷൻ പോസ്റ്ററെത്തി
ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ട് വർഷം മുൻപേ ചിത്രീകരണം നടക്കേണ്ടിയിരുന്ന ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങിനെ തുടർന്ന് നീണ്ട് പോകുകയായിരുന്നു. ശിവയുടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് സൂര്യയുടെ വണങ്കാൻ പൂർത്തിയാക്കും. 2023 തുടക്കത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ ഭാഗമാവും. സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കില്‍ അതിഥിതാരമായും സൂര്യ എത്തുന്നുണ്ട്.
സൂര്യയുടെ ഏവരും കാത്തിരിക്കുന്ന മറ്റൊരു ചിത്രം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസലാണ്. ഇത് ആദ്യാമായാണ് ഒരു വെട്രിമാരൻ ചിത്രത്തിൽ സൂര്യ നായകനാകുന്നത്. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയാണ് വാടിവാസൽ ഒരുക്കുന്നത്. തന്‍റെ അച്ഛന്‍റെ മരണത്തിന് കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് നോവലിൽ പറയുന്നത്. മധുര ജില്ലയിൽ ജെല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള സ്ഥലമാണ് വാടിവാസല്‍.
വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്റെ നിർമാണം. കഴിഞ്ഞ വർഷം സൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ജി.വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.