മലയാളികൾക്ക് ഏറ്റവും പേടി ഇംഗ്ലീഷിനെയാണ് എന്നാണ് പൊതുവേ പറയാറുള്ളത്. നിത്യ ജീവിതത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്ന മലയാളികളും തീരെ കുറവാണ്. സംസാരിക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടല്ല മറിച്ച് പറയുന്നത് ശരിയാകുമോ എന്നും മറ്റുള്ളവർ കളിയാക്കിയാലോ എന്ന ഭയവുമാകാം അതിൽ നിന്ന് പിൻതിരിപ്പിക്കുന്നത്.
മാത്രമല്ല മലയാളത്തിൽ നാം സാധാരണയായി ഉപയോഗിക്കുന്ന വാക്കുകളുടെ ഇംഗ്ലീഷ് പദങ്ങൾ അറിയാത്തതും പ്രശ്നമാകാറുണ്ട്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ അതിനുള്ള പരഹാരമുണ്ട്. അതാണ് സൂസമ്മ ടോക്സ്. നിത്യേന നാം ഉപയോഗിക്കുന്ന വാക്കുകളുടേയും പഴഞ്ചോല്ലുകളുടെയും പദപ്രയോഗങ്ങളുടെയുമെല്ലാം ഇംഗ്ലീഷ് വാക്കുകൾ കണ്ടെത്തുകയും തന്റെ യൂട്യൂബ് ചാനലിലൂടെ അത് വളരെ രസകരമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയുമാണ് സൂസമ്മ എന്ന സൂസൻ എബ്രഹാം.
സമ്മയ്ക്ക് കട്ട സപ്പോർട്ടുമായി ഭർത്താവ് മാർക്ക് ആന്റണി എന്ന താടിക്കാരനുമുണ്ട്. ക്യാമ്പ് സേറ്റേർസ് എന്ന യൂട്യൂബ് ചാനലിലൂടെ പുതിയ പാചക പരീക്ഷണങ്ങൾ നടത്തിയാണ് മാർക് ആന്റണി നിരവധി ആരാധകരെ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലേക്ക് കടന്നു വന്ന സാഹചര്യങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതയാത്രയെ കുറിച്ചും സീ മലയാളം ന്യൂസിനോട് തുറന്നു പറയുകയാണ് മാർക് ആന്റണിയും സൂസനും.
സൂസമ്മ ടോക്സും ക്യാമ്പ് സെറ്റേർസും
വളരെ യാദൃശ്ചികമായാണ് യൂട്യൂബ് മേഖലയിലേക്ക് കടന്നു വരുന്നത്. ജീവിതത്തിൽ വിജയിക്കണമെന്നും അതിന് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നുള്ള തോന്നലാണ് തങ്ങളെ യൂട്യൂബ് ചാനൽ എന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് താടിക്കാരനും സൂസമ്മയും പറയുന്നു. തങ്ങളുടെ പാഷനായ അധ്യാപനത്തിലും പാചകത്തിലും പുതിയ പരീക്ഷണങ്ങൾക്ക് ശ്രമിക്കാമെന്ന ചിന്ത അങ്ങനെയാണ് ഉടലെടുക്കുന്നത്. വേറിട്ട രുചികളെക്കുറിച്ച് ആളുകളെ അറിയിക്കാനായി സോഷ്യല്‍മീഡിയയെ ഉപയോഗിക്കാകയായിരുന്നു ക്യാമ്പ് സെറ്റേർസ് എന്ന യൂട്യൂബ് ചാനലിലൂടെ മാർക് ആന്റണി. ഇംഗ്ലീഷ് ഭാഷയിലും അധ്യാപന രീതിയിലും പുതിയ വഴികൾ തേടുകയും അത് വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയുമായിരുന്നു സൂസമ്മ ടോക്സ് എന്ന ചാനലിന്‍റെ ഉദ്ദേശ്യമെന്ന് സൂസനും പറയുന്നു.
ഇംഗ്ലീഷ് പഠനവും തമാശയും
ചാനൽ തുടങ്ങി ആദ്യ കാലങ്ങളിൽ സാധാരണ രീതിയിലായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. എന്നാൽ അതിന് വിചാരിച്ച അത്ര കാഴ്ചക്കാരെയും സ്വീകാര്യതയും ലഭിച്ചിരുന്നില്ല. അപ്പോഴാണ് തമാശകളും ഇടകലർത്തി വീഡിയോ ചെയ്യാനായി താടിക്കാരൻ പറയുന്നത്. എന്നാൽ അത് കാഴ്ചക്കാർ എങ്ങനെ സ്വീകരിക്കും എന്നതിൽ ചെറിയ പേടി ഉണ്ടായിരുന്നു. എങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് തോന്നി. ചെയ്യുന്ന വീഡിയോകൾക്ക് നല്ല റീച്ചും പിൻതുണയും കിട്ടാൻ തുടങ്ങിയതോടെ സൂസമ്മ ടോക്സ് പ്രതീക്ഷിച്ചതിലും വലിയ വിജയമായെന്നും സൂസമ്മ പറയുന്നു.
ഒലക്കേടെ മൂടും അലക്കുകല്ലും ഇംഗ്ലീഷും
മലയാളത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് ഇംഗ്ലീഷ് വാക്കുകള്‍ കണ്ടുപിടിക്കുകയാണ് സൂസമ്മ ടോക്സിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളത്തിൽ മാത്രം ഉപയോഗിക്കുന്ന ഒലക്കേടെ മൂട് തുടങ്ങിയ പദങ്ങൾക്കൊക്കെ ഇംഗ്ലീഷ് വാക്കുകൾ കണ്ടു പിടിക്കുന്നത് അങ്ങനെയാണ്. മൂന്ന് മാസത്തോളം സമയമെടുത്താണ് ചില വാക്കുകളുടെ ഇംഗ്ലീഷ് പദങ്ങളൊക്കെ കണ്ടുപിടിക്കുന്നത്. ഏറ്റവും കുഴപ്പിച്ചത് ഒലക്കേടെ മൂടിന് ഇംഗ്ലീഷ് പദം കണ്ടു പിടിക്കാനായിരുന്നു. പുറത്തൊക്കെ പോകുമ്പോൾ ആളുകൾ ഇത്തരത്തിൽ പല വാക്കുകളുടെയും ഇംഗ്ലീഷ് അറിയാനായി സമീപിക്കാറുണ്ടെന്നും സൂസമ്മ പറയുന്നു. ഇത്തരത്തിൽ ഒരിക്കൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വഴിയിൽ തടഞ്ഞ് നിർത്തി അണ്ഡകടാഹത്തിന്‍റെ ഇംഗ്ലീഷ് വാക്ക് ചോദിച്ചതും അത് പിന്നീട് ഒരു വീഡിയോ ആയി ചെയ്ത രസകരമായ സംഭവങ്ങളെ കുറിച്ചും സൂസമ്മ പറയുന്നു.
വാക്കുകളുടെ വേരുകൾ തേടി
ഒരു വാക്കിന്‍റെ ഇംഗ്ലീഷ് പദം കണ്ടുപിടിക്കുന്നത് എങ്ങനെ എന്നും സൂസമ്മ വിവരിക്കുന്നു. കണ്ടു പിടിക്കേണ്ട വാക്കുകൾ ആദ്യം മലയാളത്തിൽ എഴുതി വയ്ക്കും. എന്നിട്ട് ആ വാക്കുകൾ ഏത് ഇമോഷണിലിലാണ് പറയുന്നത് എന്ന് കണ്ടു പിടിക്കും. എന്നിട്ട് അതുമായി ബന്ധപ്പെട്ടതും അർത്ഥം വരുന്നതുമായ വാക്കുകൾ കണ്ടെത്തുന്നു. തുടർന്ന് പുസ്തകങ്ങളും കിട്ടാവുന്ന വിവരങ്ങളും ഉപയോഗിച്ച് ആ വാക്കിന്റെ വേരുകൾ തേടി പോകുന്നു. തുടര്‍ന്ന് അതിന്റെ പല പദ പ്രയോഗങ്ങളും അർത്ഥങ്ങളും വിപരീതങ്ങളും കണ്ടു പിടിക്കുന്നു. ഇങ്ങനെ ആ വാക്കിന്റെ ഏകദേശ അര്‍ത്ഥം കണ്ടു പിടിക്കാൻ സാധിക്കും.
താടിക്കാരനും കോട്ടയം ഭാഷയും
താടിക്കാരന്‍റെ വീഡിയോകളിലെ ഏറ്റവും വലിയ പ്രത്യേകത കോട്ടയം ഭാഷയിലുള്ള അവതരണമാണ്. അത് ഒരു പരിധി വരെ വീഡിയോകൾക്ക് റീച്ച് കൂടാൻ കാരണമായിട്ടുണ്ടെന്നാണ് താടിക്കാരൻ പറയുന്നത്. പൊതുവെ ഇന്ന് കോട്ടയത്തിന്റെ ഭാഷാ ശൈലി കുറേയേറെ ഇല്ലാതായി വരുകയാണ്. ഇത്തരത്തിൽ ഇല്ലാതാകുന്ന ശൈലിയെ കൂടെ കൂട്ടുന്നത് തങ്ങളുടെ വീഡിയോകളിൽ ഒരു സ്വാഭാവികത വരുത്താൻ സഹായിക്കുന്നതായി താടിക്കാരൻ പറയുന്നു. മറ്റ് യൂട്യൂബ് ചാനലുകളിൽ നിന്നും ക്യാമ്പ് സെറ്റേർസിനെ വ്യത്യസ്തമാക്കുന്നതും ഈ ശൈലിയും സ്വാഭാവികതയും തന്നെയാണെന്നും താടിക്കാരൻ പറയുന്നു.
ഒരു മാസത്തെ വരുമാനം
യൂട്യൂബ് ചാനലുകളിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും താടിക്കാരനും സൂസമ്മയും തുറന്നു പറയുന്നു. രണ്ടു പേർക്കും കൂടെ ഒരു മാസം ഒരു ജില്ലാ കളക്ടർക്ക് കിട്ടുന്നതിന് തുല്യമായ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ വരുമാനത്തെ പോലെ തന്നെ വീഡിയോകൾ ചെയ്യാനുള്ള ചിലവും കൂടുതലാണെന്നും താടിക്കാരനും സൂസമ്മയും പറയുന്നു. യാത്രകൾ മുതൽ വീഡിയോകൾക്കായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് വരെ വളരെ വലിയ ചിലവ് വരുന്നതായും ഇരുവരും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...