കൊച്ചി: 2022ൽ ഇറങ്ങിയ മലയാള ചിത്രങ്ങളിൽ ഇതുവരെ ഏറ്റവും കൂടുതൽ ബോക്സ്ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലുമാല തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു. റിലീസായി 30 ദിവസം കൊണ്ട് ആഗോള കളക്ഷൻ 71.36 കോടി രൂപ സ്വന്തമാക്കിയ ചിത്രത്തിന്റെ റീമേക്ക് അവകാശം തെലുങ്കിലെ പ്രമുഖ വിതരണ കമ്പനി സ്വന്തമാക്കിയെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ അതിപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുന്നത്. തല്ലുമാലയുടെ നിർമാതാവായ ആഷിഖ് ഉസ്മാൻ, ചിത്രത്തിന്റെ റീമേക്ക് സംബന്ധിച്ച് ധാരണയായിയെന്ന് തന്നെ അറിയിച്ചുയെന്ന് ഖാലിദ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ സിദ്ദു ജൊന്നലഗദ്ദ കേന്ദ്രകഥാപാത്രമായിയെത്തുമെന്ന് സിനിമ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തിരുന്നു. 85 ലക്ഷം രൂപയ്ക്കാണ് തെലുങ്ക് സിനിമ നിർമാണ കമ്പനി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ALSO READ : Vela Movie : വേലയിൽ എസ്ഐ മല്ലികാർജ്ജുനായി സണ്ണി വെയ്ൻ; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
ഓഗസ്റ്റ് 12നാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത്. തുടർന്ന് ഓണം നാളുകളിൽ സെപ്റ്റംബർ 11നമ് ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. റിലീസ് ചെയ്ത് ആദ്യം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് തല്ലുമാല വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിലെ പാട്ടുകൾ ഈ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒപ്പം സിനിമയുടെ മേക്കിംഗും പ്രേക്ഷകർ എടുത്ത് പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. തല്ലുകളുടെ ഒരു മാല തന്നെയാണ് ചിത്രം. അതൊടൊപ്പം തന്നെ ചിത്രത്തിന്റെ മേക്കിങ് വീഡിയോകളും വൈറലായി മാറിയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള പടമാണ് തല്ലുമാല എന്നാണ് ചിത്രം കണ്ട ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി, അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ചിത്രത്തിലെ ഓളെ മെലഡി എന്ന ഗാനം വൻ ഹിറ്റ് ആയി മാറിയിരുന്നു. നടൻ സലിംകുമാറും ഗാനത്തിലെ ചില ഭാഗങ്ങളിൽ എത്തുന്നുണ്ട്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പെരാരി തന്നെയാണ്. ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.