ബോക്സ് ഓഫീസിൽ ഒരു ഹിറ്റ് ചിത്രം ലഭിച്ചിട്ട് 8 വർഷം ആയി. അവസാനമായി തീയറ്ററുകളെ ഇളക്കിമറിച്ച ഒരു ബ്ലോക്ക്ബസ്റ്റർ പിറന്നിട്ട് 9 വർഷവും. അവസാനം പുറത്ത് വന്ന ചിത്രമാണെങ്കിൽ എട്ട് നിലയിൽ പൊട്ടി. എന്നിട്ടും ഇന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളായി അയാൾ നിലനിൽക്കുന്നു. കേട്ടിട്ട് ഒരു കെട്ട് കഥയാണെന്ന് തോന്നുന്നുണ്ടോ ? അല്ല, പറഞ്ഞ് വരുന്നത് കെട്ട് കഥകളെ സത്യമാക്കിയ ഒരാളുടെ കഥയാണ്. ഷാരൂഖ് ഖാന്റെ. 1991 ൽ മുംബൈയിൽ വച്ച് തന്റെ കാമുകിയായ ഗൗരിയുടെ കൈ പിടിച്ച് ഷാരൂഖ് പറഞ്ഞു. ഒരിക്കൽ ഞാൻ ഈ നഗരത്തിലെ ഏറ്റവും വലിയ പണക്കാരനാകുമെന്ന്. തന്റെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ട ആ ചെറുപ്പക്കാരന്റെ വെറും വാക്കായി മാത്രമേ അത് കേൾക്കുന്ന ആർക്കും തോന്നുകയുള്ളൂ.
എന്നാൽ ഗൗരിക്ക് വിശ്വാസമുണ്ടായിരുന്നു അയാൾ എന്നെങ്കിലും തന്റെ സ്വപ്നത്തിലേക്കെത്തിച്ചേരുമെന്ന്. തൊട്ടടുത്ത വർഷം ഷാരൂഖ് ഖാന്റെ ആദ്യ ചിത്രം തീയറ്ററുകളിലെത്തി. അന്ന് ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ റിഷി കപൂർ നായകനായ ചിത്രത്തിൽ സെക്കന്റ് ഹീറോ ആയാണ് ഷാരൂഖ് ഖാൻ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ചത്. സിനിമയുടെ ആദ്യ പകുതി അവസാനിക്കുമ്പോഴായിരുന്നു ഷാരൂഖ് ഖാന്റെ എൻട്രി. കോയി നാ കോയി ചാഹിയെ എന്ന പാട്ടും പാടി ബൈക്കിൽ ചീറിപ്പാഞ്ഞ് വന്ന ആ ചെറുപ്പക്കാരനെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. ആ വർഷത്തെ മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാർഡും ഷാരൂഖ് ഖാൻ സ്വന്തമാക്കി. തുടക്കം ഗംഭീരമായെങ്കിലും ഷാരൂഖ് എത്തിച്ചേർന്ന ബോളിവുഡ് സാമ്രാജ്യത്തിൽ തുടരുക അത്ര എളുപ്പമല്ലായിരുന്നു.
Read Also: Pathaan Movie : തീപാറുന്ന ആക്ഷൻ രംഗങ്ങളുമായി കിങ് ഖാൻ; പത്താൻ ടീസർ
ആമിർ ഖാൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, സെയിഫ് അലി ഖാൻ തുടങ്ങി സിനിമാ പാരമ്പര്യമുള്ള യുവ താരങ്ങൾ ബോളിവുഡിൽ കത്തി നിൽക്കുന്ന സമയമായിരുന്നു അത്. ഒരു ഗോഡ്ഫാദറിന്റെയും പിൻ ബലമില്ലാതെ സിനിമാ രംഗത്ത് തുടരുക എന്നത് ഏറെക്കുറെ അസാധ്യം തന്നെ ആയിരുന്നു. എന്നാൽ തോറ്റ് മടങ്ങാൻ ഷാരൂഖ് ഒരുക്കമല്ലായിരുന്നു. ഒരു സ്വാതന്ത്ര്യ സമര സേനാനിയായ മീർ താജ് മുഹമ്മദ് ഖാൻ എന്ന പിതാവിന്റെ വാശി അവന്റെ രക്തത്തിലും ഉണ്ടായിരുന്നു. ആദ്യം മറ്റ് താരങ്ങൾ നിരസിച്ച ചിത്രങ്ങളായിരുന്നു ഷാരൂഖിന് ലഭിച്ചിരുന്നത്. പക്ഷെ ആ ചിത്രങ്ങൾ ഷാരൂഖിന്റെ കരിയറിലെ ശുക്രനായി മാറി. സൽമാൻ ഖാൻ ഉപേക്ഷിച്ച ബാസീഗർ എന്ന ചിത്രത്തിലെ ആന്റീ ഹീറോ വേഷവും ആമിർ ഖാൻ നിരസിച്ച ഡർ എന്ന ചിത്രത്തിലെ വില്ലൻ വേഷവും ഷാരൂഖ് അവിസ്മരണീയമാക്കി മാറ്റി. പതിയെ ബോളിവുഡിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ താരമായി ഷാരൂഖ് ഖാൻ മാറി.
എന്നാൽ വെറുമൊരു സ്റ്റാർ മാത്രമായിരുന്ന ഷാരൂഖിന്റെ തലവര എന്നന്നേയ്ക്കുമായി മാറി മറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ബോളീവുഡിലെ വിഖ്യാത സംവിധായകനായ യാഷ് ചോപ്രയുടെ മകൻ ആദിത്യ ചോപ്ര ആ സമയത്താണ് ഒരു വെസ്റ്റേൺ ടച്ചുള്ള വ്യത്യസ്തമായ ഒരു പ്രണയ കഥയുടെ സ്ക്രിപ്റ്റുമായി സെയിഫ് അലി ഖാനെ സമീപിക്കുന്നത്. എന്നാൽ അദ്ദേഹം അത് നിരസിക്കുന്നു. പതിവ് പോലെ ആ സ്ക്രിപ്റ്റും കറങ്ങിത്തിരിഞ്ഞ് ഷാരൂഖ് ഖാന്റെ കയ്യിലെത്തി. എന്നാൽ ആക്ഷൻ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഷാരൂഖ് ഖാൻ തീരുമാനിച്ചിരുന്നത്. കാരണം ആ സമയത്ത് എല്ലാപേരും ആക്ഷൻ ചിത്രങ്ങളിലൂടെ ആയിരുന്നു സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നിരുന്നത്. ഷാരൂഖ് ഈ കാരണം പറഞ്ഞുകൊണ്ട് സ്ക്രിപ്റ്റ് നിരസിക്കുന്നു. എന്നാൽ ആദിത്ര ചോപ്രക്ക് അറിയാമായിരുന്നു ആ സ്ക്രിപ്റ്റ് ഷാരൂഖ് കൂടി നിരസിച്ചാല്‍ ബോളിവുഡിൽ മറ്റാരും ആ സ്ക്രിപ്റ്റ് ഏറ്റെടുക്കില്ലെന്ന്.
Read Also: മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ ആരംഭിക്കും
ആദിത്യ ചോപ്ര പിറകെ കൂടി, ഷാരൂഖിനെ ആ സ്ക്രിപ്റ്റ് എടുക്കാൻ നിർബന്ധിക്കുന്നു. അവസാനം അതിന് വഴങ്ങി ഷാരൂഖ് ആ സ്ക്രിപ്റ്റിൽ അഭിനയിക്കുന്നു. പിന്നീട് നടന്നത് ചരിത്രമാണ്. 1995 ഒക്ടോബർ 20 ന് ദിൽവാലെ ദുൽഹനിയ ലേജായേങ്കെ തീയറ്ററുകളിൽ റിലീസ് ചെയ്തു. അതുവരെ ഇന്ത്യൻ ചിത്രങ്ങൾക്ക് മാർക്കറ്റ് ഇല്ലാതിരുന്ന പല വിദേശ രാജ്യങ്ങളിലും ബോളീവുഡിന് ഒരു അഡ്രസ് ഉണ്ടാക്കിക്കൊടുത്ത ചിത്രമായി അത് മാറി. പല കളക്ഷൻ റെക്കോഡുകളും തിരുത്തിക്കുറിച്ചു. ചിത്രത്തിലെ പാട്ടുകൾ എവർഗ്രീൻ ഹിറ്റുകളായി മാറി. സിനിമയിലെ പല രംഗങ്ങളും പിന്നീട് പല തവണ മറ്റ് പല ചിത്രങ്ങളിലും അനുകരിക്കപ്പെട്ടു. എല്ലാത്തിനും പുറമേ ഡിൽവാലേ ദുൽഹനിയ ലേജായേങ്കെ എന്ന പക്കാ റൊമാന്റിക് ചിത്രത്തിലൂടെ ഷാരൂഖ് ഖാൻ ബോളിവുഡിന്റെ രാജാവായി മാറി.
പിന്നീട് അദ്ദേഹത്തിനുണ്ടായ വളർച്ച അത്ഭുതകരമായിരുന്നു. സിനിമകൾ വിജയിക്കുന്നതിന് പുറമേ അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണവും വർദ്ധിച്ചു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, അദ്ദേഹത്തിന്റെ ആരാധകർ ഇന്ത്യയിൽ മാത്രമല്ല ഒതുങ്ങി നിന്നത്. പല വിദേശ രാജ്യങ്ങളിലും ഷാരൂഖ് ഖാന് വൻ ആരാധകവൃന്തം ഉണ്ടായി. ഹോളിവുഡിലെ പല താരങ്ങൾക്കും ഇന്ത്യയെന്നാലും ബോളിവുഡ് എന്നാലും അത് ഷാരൂഖ് ഖാനാണ്. പതിയെ ഗാന്ധിജിക്ക് ശേഷം വിദേശത്ത് ഏറ്റവും പ്രശസ്തനായ ഇന്ത്യക്കാരനായി ഷാരൂഖ് ഖാൻ മാറി. ദുബായ് ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡർ സ്ഥാനത്തേക്ക് എത്തിയതും, അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ പല വേദികളിൽ വച്ചും ഷാരൂഖിന്റെ പേര് പരാമർശിച്ചതുമെല്ലാം അതിന് തെളിവാണ്. തന്റെ അമ്മയുടെ മരണത്തിന് ശേഷം ജീവിതത്തിൽ വളർച്ച മാത്രം ഉണ്ടായ ഷാരൂഖ് ഖാൻ തളർന്നത് 2014 ന് ശേഷമാണ്.
Read Also: Chaaver Movie : കുഞ്ചാക്കോ ബോബൻ - ടിനു പാപ്പച്ചൻ ചിത്രം ചാവേറിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി
ഹാപ്പീ ന്യൂ ഇയറിന് ശേഷം വൻ പ്രതീക്ഷയോടെ തീയറ്ററുകളിലെത്തിയ പല ഷാരൂഖ് ചിത്രങ്ങളും ശരാശരിയിൽ ഒതുങ്ങി. പല ചിത്രങ്ങളും പരാജയപ്പെട്ടു. എന്നാല്‍ അതിലൊന്നും അദ്ദേഹം തളർന്നില്ല. എന്നാൽ 2018 ൽ 200 കോടി മുതൽ മുടക്കിൽ ഇന്ത്യൻ സിനിമ അന്ന് വരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീറോ എന്ന ചിത്രം കൂടി ബോക്സ് ഓഫീസ് ബോംബായതോടെ ഷാരൂഖ് ഖാൻ മാനസികമായി തളർന്നു. സിനിമയിൽ നിന്ന് അദ്ദേഹം ഒരു ചെറിയ ഇടവേള എടുത്തു. സിനിമയ്ക്ക് പുറമേ ജീവിതത്തിലും ഷാരൂഖ് നേരിട്ടത് പ്രതിസന്ധികളായിരുന്നു. ഷാരൂഖ് ഖാന്റെ മൂത്ത മകൻ ആര്യൻ ഖാനെതിരെ വന്ന മയക്ക് മരുന്ന് കേസും അദ്ദേഹത്തെ തളർത്തി.
കുറച്ച് കാലത്തേക്ക് ഷാരൂഖ് ഒരു പൊതു വേദികളിലും പ്രത്യക്ഷപ്പെടാതെ മന്നത്തിൽ തന്നെ ഒതുങ്ങി കൂടി. ഷാരൂഖിന്റെ ബാസീഗർ എന്ന ചിത്രത്തിൽ ഒരു ഡയലോഗ് ഉണ്ട്. ഹാർകർ ജീത്നേവാലേ കോ ബാസീഗർ കെഹതേ ഹേ എന്ന്. അതായത് തോൽവിയിലൂടെ വിജയത്തിലേക്കെത്തുന്നവനാണ് മാന്ത്രികൻ എന്ന്. ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് ബോളിവുഡ് സാമ്രാജ്യം പിടിച്ചടക്കിയ ആ ജാലവിദ്യക്കാരൻ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകാനൊരുങ്ങുകയാണ്. അടുത്ത വർഷം മൂന്ന് വമ്പൻ ഷാരൂഖ് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.
Read Also: Kooman Movie Update : ആസിഫ് അലി ചിത്രം കൂമന് യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും
സിദ്ദാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ 2023 ജനുവരി 25 ന് പുറത്തിറങ്ങുന്ന പഠാൻ, 2023 ജൂൺ രണ്ടിന് പുറത്തിറങ്ങുന്ന ആറ്റ്ലീ ചിത്രം ജവാൻ, രാജ് കുമാർ ഹിറാനി എന്ന ഹിറ്റ് മേക്കറിന്റെ സംവിധാനത്തിൽ 2023 ഡിസംബർ 23 ന് റിലീസിനൊരുങ്ങുന്ന ഡങ്കി എന്നിവയാണ് ഏറ്റവും പുതിയ ഷാരൂഖ് ചിത്രങ്ങൾ. 3 വർഷത്തെ ഇടവേളക്ക് ശേഷം ബിഗ് സ്ക്രീനിലെത്തുന്ന തങ്ങളുടെ സൂപ്പർ താരത്തെ വരവേൽക്കാനൊരുങ്ങുകയാണ് എല്ലാ ഷാരൂഖ് ഖാൻ ആരാധകരും. ആത്മവിശ്വാസം കൈ വിടാതെ തന്റെ ആരാധകർക്ക് ജീവിത പ്രശ്നങ്ങളെ പൊരുതി തോൽപ്പിക്കാൻ മാതൃകയാകുന്ന താരമാണ് ബോളിവുഡിന്റെ കിംഗ് ഖാൻ. ഇന്ന് 57 ന്റെ ചെറുപ്പത്തിലെത്തി നിൽക്കുന്ന ആ താര ചക്രവർത്തിക്ക് നമുക്ക് ഒന്നിച്ച് പിറന്നാൾ ആശംസകൾ നേരാം. ഹാപ്പി ബർത്ത് ഡേ ഷാരൂഖ് ഖാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...