ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്ന് വരും മുമ്പേ മാതാപിതാക്കൾ പേരന്റിങ്ങിൽ പരിശീലനം നേടേണ്ടത് ആവശ്യമാണെന്ന് ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന. വാഹനം ഓടിക്കുവാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പരിശീലിക്കുന്നത് പോലെ തന്നെയാണ് ഒരു കുഞ്ഞ് ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ മാതാപിതാക്കൾ നടത്തേണ്ട മുന്നൊരുക്കങ്ങളും. മക്കൾക്ക് മാതൃകയായി അവരെ നയിക്കുക എന്നതാണ് മാതാപിതാക്കൾ സ്വീകരിക്കേണ്ട ശരിയായ മാർഗം.
ട്വിങ്കിളും ഭർത്താവും ബോളിവുഡ് സൂപ്പർ സ്റ്റാറുമായ അക്ഷയ് കുമാറും മക്കളായ ആരവിനെയും നിതാരയെയും എങ്ങിനെയാണ് വളർത്തിയതെന്നും അവർ വിശദമാക്കുന്നു. ഹാർപേഴ്സ് ബസാർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. തന്‌റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും അഭിമുഖങ്ങളിലും എല്ലാം തന്റെ കുടുംബജീവിതത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും എല്ലാം ട്വിങ്കിൾ ഖന്ന തുറന്ന് പറയാറുണ്ട്. തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ ചിലവും താൻ തന്നെയാണ് നിർവഹിക്കാറുള്ളതെന്നും അക്ഷയ് കുമാറിനൊപ്പം ജോയിന്റ് ബാങ്ക് അക്കൗണ്ട് തനിക്ക് ഉണ്ടായിരുന്നില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു.
പെൺകുട്ടികളെ ശരിയായി വളർത്താൻ പൊതുവേ എല്ലാവരും ശ്രദ്ധ കാണിക്കാറുണ്ട്. എന്നാൽ ആൺകുട്ടികളെ വളർത്തുന്ന കാര്യത്തിൽ പലരും ശ്രദ്ധ കാണിക്കാറില്ല എന്നും ട്വിങ്കിൾ പറയുന്നു. താൻ ഒരു വിദഗ്ദ്ധ എന്ന രീതിയിലാണ് എല്ലാത്തിലും മറുപടി പറയുന്നത്, എന്തായാലും തന്റെ മക്കൾ വളരുമ്പോൾ അവർ എങ്ങനെ ആയി തീരുമെന്ന് കണ്ടതിന് ശേഷം മാത്രം താൻ മറുപടി പറയുന്നതാണ് ഉചിതം എന്നും അവർ ചോദ്യത്തിന് മറുപടി ആയി പറയുന്നുണ്ട്. കുടുബത്തോടൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രം നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 'ദി പെർഫെക്ട് ബെർത്ത് ഡേ" എന്ന ക്യാപ്ക്ഷൻ നൽകിയ ചിത്രം ആരാധകരും ഏറ്റെടുത്തിരുന്നു.
പ്രസിദ്ധ ഹിന്ദി സിനിമാ താരങ്ങളായ ഡിംപിൾ കപാഡിയയുടെയും രാജേഷ് ഖന്നയുടെയും മകളായ ട്വിങ്കിൾ ഖന്ന 1995 ൽ "ബർസാത്ത്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. 2001 ൽ നടൻ അക്ഷയ് കുമാറിനെ പ്രണയിച്ച് വിവാഹം കഴിച്ച ട്വിങ്കിൾ "ലവ് കെ ലിയെ കുച്ച് ഭി കരേഗം" എന്ന ചിത്രത്തിന് ശേഷം അതേ വർഷം തന്നെ അഭിനയരംഗം വിടുകയായിരുന്നു. കരിയറിൽ ഏറ്റവും ഉയർച്ചയിൽ നിൽക്കവേയാണ് നടി സിനിമ വിടുന്നതും കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. കഴിഞ്ഞ ഏതാനും വർഷങ്ങളായി എഴുത്തിലാണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Also Read: Nadikar thilakam: കുരിശിൻ മേൽ ടൊവിനോ; പിറന്നാൾ ദിനത്തിൽ പോസ്റ്റർ പങ്കിട്ട് 'നടികർ തിലകം'
2015 ൽ മിസിസ് ഫണ്ണി ബോൺസ് എന്ന പുസ്തകത്തിലൂടെ ട്വങ്കിൾ എഴുത്തുകാരിയായി അരങ്ങേറ്റം കുറിച്ചു. 2017 ൽ പുറത്തിറങ്ങിയ "ദി ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ്" എന്ന കഥാസമാഹാരം സാഹിത്യലോകത്ത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. പൈജാമാസ് ആൻഡ് ഫോർവിംഗ് എന്ന ഫിക്ഷൻ നോവലാണ് ട്വിങ്കിളിന്റേതായി ഉടൻ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്ന പുസ്തകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...