അബുദാബി: വാഹനം കേടായാല്‍ ഇനി നടുറോഡില്‍ കുടുങ്ങില്ല

അബുദാബിയിലെ വിജനമായ സ്ഥലത്ത്, വാഹനം കേടായാല്‍ എന്താകും അവസ്ഥ?

Last Updated : Jul 18, 2018, 02:31 PM IST
അബുദാബി: വാഹനം കേടായാല്‍ ഇനി നടുറോഡില്‍ കുടുങ്ങില്ല

അബുദാബി: അബുദാബിയിലെ വിജനമായ സ്ഥലത്ത്, വാഹനം കേടായാല്‍ എന്താകും അവസ്ഥ?

ഇനി അതാലോചിച്ച് സങ്കടപ്പെടേണ്ട. അബുദാബിയിലെ റോഡില്‍ വാഹനം കേടായാല്‍ ഇനി ആരും വഴിയില്‍ കുടുങ്ങില്ല. വാഹനം കേടായി നടുറോഡില്‍ കുടുങ്ങുന്നവര്‍ക്ക് സൗജന്യ സേവനം നല്‍കാനായി റോഡ് സൈഡ് അസിസ്റ്റന്‍സ് പറന്നെത്തും. 

അബുദാബി ഗതാഗത വകുപ്പിന്‍റെതാണ് പുതിയ പദ്ധതി. ബ്രേക്ക് ഡൗണ്‍ ആകുന്നത് ഉള്‍പ്പെടെ റോഡിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിലാണ് റോഡ് സൈഡ് അസിസ്റ്റന്‍സ് സഹായം നല്‍കുന്നത്.

കേടായ വാഹനം നന്നാക്കാന്‍ ആവശ്യമായ അത്യാധുനിക സംവിധാനവും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന വാഹനം 24 മണിക്കൂറും നഗരത്തില്‍ റോന്തുചുറ്റും. വാഹനം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയശേഷം അവിടെവച്ചു തന്നെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കും.

അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും ഗതാഗതം നിയന്ത്രിക്കാനും സംഘത്തിന് അനുമതിയുണ്ട്. സേവനം ആവശ്യമുള്ളവര്‍ക്ക് 800 88888 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം

Trending News