ദോഹ: ഉപരോധ രാജ്യങ്ങളുടെ സാമ്പത്തിക, ധനകാര്യ, രാഷ്ട്രീയ ഉപരോധത്തെ ഖത്തര്‍ ഫലപ്രദമായി നേരിട്ടതിനെ തുടര്‍ന്ന് ദോഹ ബാങ്കിന്റെ റേറ്റിങ് മൂഡിസ് സ്ഥിരതയിലേക്ക് ഉയര്‍ത്തി.
രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് സര്‍ക്കാര്‍ നല്കുന്ന പിന്തുണയും മൂഡിസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഫിച്ച് റേറ്റിംഗ്സും ദോഹ ബാങ്കിന്റെ റേറ്റിംഗ് നെഗറ്റീവില്‍ നിന്നും സ്ഥിരതയിലേക്ക് ഉയര്‍ത്തിയിരുന്നു.
ഖത്തറി ബാങ്കുകളുടെ പ്രവര്‍ത്തന മികവാണ് മൂഡിസ് റേറ്റിംഗ് അംഗീകരിച്ചിരിക്കുന്നതെന്ന് ദോഹ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ആര് സീതാരാമന് പറഞ്ഞു.
അതേസമയം, ഈ വര്‍ഷം ആദ്യപകുതിയില്‍ ദോഹ ബാങ്കിന്റെ ലാഭം 471 മില്യണ്‍ ഖത്തര്‍ റിയാലെന്ന് ബാങ്ക് ചെയര്മാന് ഷെയ്ക്ക് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ ലാഭം 715 മില്യണ്‍ റിയാലായിരുന്നു. ബാങ്കിന്റെ ജിസിസി ശാഖകളിലെ വായ്പാനഷ്ടമാണ് ഈ വ്യത്യാസത്തിന് കാരണം.
പുതിയ വികസന പദ്ധതികളുടെയും ആശയങ്ങളുടെയും പാതയിലാണ് ദോഹ ബാങ്ക് സഞ്ചരിക്കുന്നതെന്ന് ഗ്രൂപ്പ് സിഇഒ ഡോ. ആര്.സീതാരാമന് പറഞ്ഞു. ഇന്ത്യയില്‍ അടക്കം നിരവധി ബ്രാഞ്ചുകള്‍ തുറന്നു. ചെന്നെയില്‍ അടുത്തിടെയാണ് ശാഖ തുറന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ശാഖയാണിത്. നേരത്തെ മുംബൈയിലും കൊച്ചിയിലും ബാങ്ക് ശാഖ തുറന്നിട്ടുണ്ട്. ശ്രീലങ്കയിലും റപ്രസന്റെറ്റീവ് ഓഫീസ് തുറന്നിട്ടുണ്ട്.
ഖത്തറിലെ പ്രഥമ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, പുതിയ സാലറി ട്രാന്‍സ്ഫര്‍ പാക്കേജ്, പുതിയ പ്രീമിയം ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം, അല്‍ജനാ സീരിസ് 7 തുടങ്ങിയ വിവിധ പദ്ധതികള്‍ അടുത്ത കാലയളവില്‍ ദോഹ ബാങ്ക് തുടങ്ങിയിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ കൂടുതല്‍ വിപുലീകരണപദ്ധതികള്‍ നടത്തുകയാണെന്നും സി.ഇ.ഒ പറഞ്ഞു.