ന്യൂഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യാക്കാരെ മടക്കി കൊണ്ട് വരുന്നതിന് എല്ലാ നടപടികളും പൂര്‍ത്തിയായി,
പ്രവാസികളുടെ മടക്കത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
വിമാനത്തില്‍ ആദ്യ ആഴ്ച്ച എത്തുന്നവരില്‍ അധികവും കേരളത്തിലേക്കാണ്,3150 പേരാണ് കേരളത്തിലേക്ക് എത്തുക.
ആദ്യ ആഴ്ച്ച വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത് 14,800 പ്രവാസികളാണ്,
12 രാജ്യങ്ങളില്‍ നിന്ന് പത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് 64 വിമാനങ്ങളിലാണ് ഇവരെ എത്തിക്കുക,
വന്ദേഭാരത് മിഷന്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്,
കപ്പല്‍ മാര്‍ഗം പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യം നാവിക സേന തുടങ്ങിക്കഴിഞ്ഞു.
മാലദ്വീപിലേക്കും ദുബായിലേക്കും നാവികസേനയുടെ കപ്പലുകള്‍ ഇതിനോടകം പുറപ്പെട്ട് കഴിഞ്ഞു.
പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപെട്ട് വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്.
കേരളത്തിന്റെ ചുമതല വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ദ്വരൈസ്വാമിയ്ക്കാണ്.
കപ്പല്‍ മാര്‍ഗം പ്രവാസികളെ എത്തിക്കുന്നതിന് നാവിക സേന നല്‍കിയിരിക്കുന്ന പേര് സമുദ്ര സേതു എന്നാണ്.
വ്യാഴാഴ്ച മുതല്‍ പ്രവാസികള്‍ എത്തി തുടങ്ങും,വ്യാഴാഴ്ച മുതല്‍ ഒരാഴ്ച്ച ഏഴ് രാജ്യങ്ങളില്‍ നിന്ന്
15 വിമാനങ്ങളാണ് കേരളത്തില്‍ എത്തുക.വ്യാഴാഴ്ച 10 വിമാനങ്ങളിലായി 2300 പ്രവാസികള്‍ എത്തും.
ഖത്തര്‍,യുഎഇ,സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 800 മലയാളികള്‍ എത്തും,
യാത്ര പുറപ്പെടും മുന്‍പ് ഇവര്‍ പരിശോധനയ്ക്ക് വിധേയരാകണം,നാട്ടിലെത്തിയാല്‍
14 ദിവസം ആശുപത്രികളിലോ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലോ സമ്പര്‍ക്ക വിലക്കില്‍
കഴിയാമെന്ന് യാത്രയ്ക്ക് മുന്‍പ് രേഖാമൂലം ഉറപ്പ് നല്‍കണം എന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1990 ലെ കുവൈറ്റ് ഒഴിപ്പിക്കലിന് ശേഷമുള്ള ഏറ്റവും വലിയ പ്രവാസികളുടെ ഒഴിപ്പിക്കലിനാണ് രാജ്യം തയ്യാറെടുക്കുന്നത്.