പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്

കഴിവും പ്രാവീണ്യവുമുള്ളവരെ മാത്രം രാജ്യത്ത് ജോലിക്ക് എടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.   

Updated: Oct 10, 2018, 01:52 PM IST
പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്

കുവൈത്ത്: കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തിരിച്ചടിയാവാനിടയുള്ള പുതിയ നീക്കവുമായി അധികൃതര്‍. തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനും യോഗ്യതാ പരീക്ഷകളുടെ മാര്‍ക്ക് മാനദണ്ഡമാക്കാനാണ് മാന്‍ പവര്‍ അതോറിറ്റി ആലോചിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിവും പ്രാവീണ്യവുമുള്ളവരെ മാത്രം രാജ്യത്ത് ജോലിക്ക് എടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ഉയർന്ന മാർക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികൾക്ക് തൊഴില്‍ പെർമിറ്റ് അനുവദിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനായി സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കും. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളില്‍ അധികപേരും പ്രത്യകിച്ച് തൊഴില്‍ വൈദഗ്ദ്യമുള്ളവരോ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവരോ അല്ലെന്നാണ് മാന്‍ പവര്‍ അതോറിറ്റിയുടെ വിലയിരുത്തല്‍. 

ഇത് അവസാനിപ്പിച്ച് പകരം തൊഴില്‍ വൈദഗ്ദ്യമുള്ളവരെ മാത്രം നിയമിക്കാനാണ് നീക്കം. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് അനിവാര്യമാണെന്ന് അതോറിറ്റി കണക്കാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങൾ വരും നാളുകളിൽ ഉണ്ടായേക്കുമെന്നാണ് സൂചന. 

യോഗ്യതകളില്ലാത്ത തൊഴിലാളികളുടെ വരവ് കുറക്കുക, വിസക്കച്ചവടം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പുതിയ ഉത്തരവുകൾ വൈകാതെ ഉണ്ടാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.