നടന്‍ ജയസൂര്യ ഇന്ന് നാൽപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്.
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.
2001ൽ റിലീസായ 'അപരന്മാർ നഗരത്തിൽ' എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് ജയസൂര്യ സിനിമാമേഖലയിലേക്ക് എത്തിയത്. അതേവർഷം തന്നെ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തിലും ജയസൂര്യ അഭിനയിച്ചു.
2002ൽ വിനയൻ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' എന്ന ചിത്രത്തിൽ നായകനായി എത്തിയതോടെ ജയസൂര്യ ശ്രദ്ധിക്കപ്പെട്ടു.
'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്റെ' റീമേക്കിലൂടെ തമിഴിലും ജയസൂര്യ നായകനായി അഭിനയിച്ചു.
മികച്ച അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തി. അപ്പോത്തിക്കിരിയിലെ അഭിനയത്തിന് 62-ാമത് ഫിലിംഫെയർ അവാർഡ് സൗത്തിൽ ജയസൂര്യയ്ക്ക് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു.
2016ൽ 46-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡും 63-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക പരാമർശവും ജയസൂര്യക്ക് ലഭിച്ചു.
2018ൽ ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങൾക്കും 2020ൽ വെള്ളം എന്ന ചിത്രത്തിനും അദ്ദേഹത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു.