ഡൽഹി നഗരത്തിൽ മിക്കപ്പോഴും വളരെ മോശം ഗുണനിലവാരത്തിലുള്ള വായുവാണ് ഉണ്ടാകുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരത്തിന്റെ തോത് വർധിക്കും. ഇത്തരം സമയങ്ങളിൽ വളരെ ജാഗ്രത പാലിക്കേണ്ടതാണ്, കാരണം ഈ മലിനീകരണം നിങ്ങളുടെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. ദീപാവലിക്ക് ശേഷം ഏതാണ്ട് എല്ലാ വർഷവും ഇതേ അവസ്ഥയാണ് ഉണ്ടാകുന്നത്. മലിനീകരണവുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും സുരക്ഷാ മുൻകരുതലുകൾ എടുക്കണം.
വായു മലിനീകരണം വർദ്ധിക്കുന്നതിനനുസരിച്ച്, ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യതയും വർധിക്കുന്നു, ഇത് ശക്തമായ ചുമ, ന്യൂമോണിയ തുടങ്ങിയ രോഗാവസ്ഥകളിലേക്ക് നയിക്കാം. കൂടാതെ, നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് കൂടുതൽ ഗുരുതരമാകും. കുട്ടികളെയും പ്രായമായവരെയുമാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
മലിനീകരണം ഉള്ള സമയങ്ങളിൽ പുറത്ത് പോയി വ്യായാമം ചെയ്യുന്നതിന് പകരം വീടിനുള്ളിൽ വ്യായാമം ചെയ്യുക. മോശം വായു നിലനിൽക്കുന്ന സമയത്ത് കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുത്.
വ്യായാമം ചെയ്യുമ്പോൾ എല്ലാ സമയത്തും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.
നിങ്ങളുടെ വീട്ടിലെ ഊർജ്ജ ഉപഭോഗം കുറയ്ക്കുക. വൈദ്യുതിയും മറ്റ് തരത്തിലുള്ള ഊർജ്ജവും സൃഷ്ടിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു. കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.
വീടിനുള്ളിൽ അഗർബത്തികളും ധൂപവർഗങ്ങളും കത്തിക്കരുത്. കൂടാതെ കൊതുകിനെതിരെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം, ഒരു എയർ പ്യൂരിഫയർ ഉപയോഗിക്കുക. അടുക്കളയിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ സ്ഥാപിക്കുക.
വീട്ടിൽ പരവതാനികൾ അമിതമായി ഉപയോഗിക്കരുത്. നിങ്ങളുടെ വീട്ടിലെ കട്ടിയുള്ള കർട്ടനുകളിൽ പൊടി അടിഞ്ഞുകൂടുന്നത് തടയാൻ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവ കഴുകുക.