ഇന്ത്യയിൽ അനുദിനം വർധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. മോശം ഭക്ഷണശീലവും ജീവിതശൈലിയുമാണ് പ്രമേഹത്തിന് പ്രധാന കാരണം.
ചില ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് ദോഷം ചെയ്യും. പ്രമേഹരോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
പച്ചക്കറികൾ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല. പച്ചക്കറികളിൽ കാർബോഹൈഡ്രേറ്റുകൾ കുറവാണ്. നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങളും പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്.
റെഡ് മീറ്റ്, സംസ്കരിച്ച മാംസം എന്നിവയിൽ പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ്, ഉപ്പ്, പ്രിസർവേറ്റീവുകൾ എന്നിവ കൂടുതലായിരിക്കും. ഇവയെല്ലാം പ്രമേഹ രോഗികൾക്ക് ദോഷം ചെയ്യുന്നവയാണ്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം.
ടൈപ്പ് 2 ഡയബറ്റിക്സ് ഉള്ളവർ പ്രോട്ടീൻ കഴിക്കേണ്ടത് പ്രധാനമാണ്. മുട്ട, ചിക്കൻ, മീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം.
ഭക്ഷണത്തിൽ പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക. പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല. എന്നാൽ, മാമ്പഴം പോലുള്ള പഴങ്ങൾ അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രമേഹരോഗികൾ മദ്യം കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് ഹൃദയത്തിനും തലച്ചോറിനും ദോഷം ചെയ്യും.