ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഫലപ്രദമാകുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. ഇത് മെറ്റബോളിസം മികച്ചതാക്കാൻ സഹായിക്കുന്നു. കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവിൽ കൊഴുപ്പും അടങ്ങിയ ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ് എന്ന കീറ്റോജെനിക് ഡയറ്റ്.
കീറ്റോ ഡയറ്റ് പിന്തുടരുന്നതിലൂടെ ഒരാൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്നും ആരോഗ്യം മികച്ചതാക്കാൻ കഴിയുമെന്നും നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ഭക്ഷണക്രമത്തിൽ നിന്ന് കീറ്റോ ഡയറ്റിലേക്ക് മാറുന്നത് പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുണ്ട്. കീറ്റോ ഡയറ്റില്‍ ചേർക്കാൻ സാധിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഗോതമ്പ് മാവിന് പകരം നിങ്ങൾക്ക് ബദാം മാവ് ഉപയോഗിക്കാം. തേങ്ങാപ്പൊടിയും മറ്റൊരു ഉപാധിയാണ്. കാൽ കപ്പ് തേങ്ങാപ്പൊടിയിൽ വെറും ആറ് ഗ്രാം കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്. അതേ അളവ് ബദാം മാവിൽ ഏകദേശം മൂന്ന് ഗ്രാം വരെ കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്. ഇതേ അളവ് ഗോതമ്പ് പൊടിയിൽ 24 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
കോളിഫ്ലവർ അരിയിൽ കാർബോ ഹൈഡ്രേറ്റ് വളരെ കുറവാണ്. 100 ഗ്രാം കോളിഫ്ലവർ അരിയിൽ ഏകദേശം മൂന്ന് ഗ്രാം മാത്രമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്.
നിങ്ങൾക്ക് മധുരം കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ സ്റ്റീവിയയിലേക്ക് മാറുക. ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് മികച്ച ബദലാണ് സ്വാഭാവിക മധുരമായ സ്റ്റീവിയ.
ഇറ്റാലിയൻ വിഭവം പാസ്ത ഉണ്ടാക്കാൻ പാസ്ത ഷീറ്റുകൾക്ക് പകരം വെള്ളരി വർഗത്തിൽപ്പെട്ട പച്ചക്കറിയായ സുക്കിനി ഉപയോഗിക്കാം. പാസ്തയ്ക്ക് പകരം ഉപയോഗിക്കാവുന്ന കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് സുക്കിനി. സുക്കിനി നീളത്തിൽ നേർത്ത സ്ട്രിപ്പുകളായി മുറിച്ച് പാസ്ത ഷീറ്റുകൾക്ക് പകരം ഉപയോഗിക്കാം.
കീറ്റോ ഫ്രണ്ട്ലി ക്രസ്റ്റുകൾ വാങ്ങാൻ സാധിക്കും. അല്ലെങ്കിൽ, ബദാം മാവ് അല്ലെങ്കിൽ കോളിഫ്ലവർ അരി, ചീസ് എന്നിവയിൽ നിന്ന് നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാം. കീറ്റോ ഫ്രണ്ട്ലി പിസയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്.