ചർമ്മം മൃദുവും തിളക്കവുമുള്ളതാക്കി നിലനിർത്താൻ പഴങ്ങൾ വളരെയധികം സഹായിക്കും
ചർമ്മ സംരക്ഷണത്തിനായി നമ്മൾ നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. പല വിധത്തിലുള്ള ഉത്പന്നങ്ങളും ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഭക്ഷണക്രമീകരണത്തിലൂടെയും ഭക്ഷണത്തിൽ പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിലൂടെയും തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം.
ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ് വൈറ്റമിന്‍ സി. ചർമ്മത്തെ ഭംഗിയായി നിലനിർത്താൻ ഓറഞ്ച് സഹായിക്കും.
വളരെയധികം ആരോഗ്യഗുണങ്ങളുള്ള പഴമാണ് അവക്കാഡോ. അവക്കാഡോ നല്ല ആരോഗ്യത്തിന് ഉപകരിക്കപ്പെടുന്നതുപോലെ തന്നെ ചര്‍മ്മത്തിനും വളരെയധികം സംരക്ഷണം നൽകും. വൈറ്റമിന്‍-സി, ഇ എന്നിവയെല്ലാം അടങ്ങിയ ഒരു മികച്ച ഫലമാണ് അവക്കാഡോ.
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ മാതളം ചുവന്ന രക്താണുക്കള്‍ വര്‍ധിപ്പിച്ച് ഹീമോഗ്ലോബിന്‍ കൂട്ടുന്നു. മാതളത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി ആണ് ചർമ്മത്തിന് സഹായകമാകുന്നത്.
തക്കാളി പൊതുവേ പച്ചക്കറി വിഭാഗത്തിലാണ് നമ്മൾ ഉൾപ്പെടുത്തുന്നത്. എന്നാൽ നിരവധി ഔഷധഗുണങ്ങളുള്ള ഒരു പഴം തന്നെയാണ് തക്കാളി. തക്കാളി വെറുതേ കഴിക്കുന്നതും ജ്യൂസായി കഴിക്കുന്നതും നല്ലതാണ്. തക്കാളിയിൽ വൈറ്റമിന്‍-സി, എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ചര്‍മ്മത്തിന് നല്ലതാണ്.
തണ്ണിമത്തനിൽ ജലാംശം വളരെയധികമാണ്. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനില്ക്കാന് സഹായിക്കുന്നു. വൈറ്റമിന്‍-സി, ഇ, ലൈസോപീന്‍ എന്നിവയുടെയും സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തൻ. അതിനാൽ തന്നെ തണ്ണിമത്തൻ ചർമ്മ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.