Mohanlal Upcoming Movies: വാലിബൻ മുതൽ എമ്പുരാൻ വരെ; മലയാളികൾ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ

മലയാളികൾ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളുണ്ട്. മലൈക്കോട്ടൈ വാലിബൻ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി പോലും കാത്തിരിക്കുകയാണ് ആരാധകർ. 

 

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് പിറന്നാളാണ്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള അദ്ദേഹത്തിന്റെ ആരാധകർ ഈ ദിവസം ആഘോഷമാക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ, പിണറായി വിജയൻ തുടങ്ങി സിനിമാ രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേർ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു. 

 

1 /5

മലൈക്കോട്ടൈ വാലിബൻ - ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'മലൈക്കോട്ടൈ വാലിബന്റെ' ഷൂട്ടിം​ഗ് നിലവിൽ ചെന്നൈയിൽ പുരോ​ഗമിക്കുകയാണ്. 77 ദിവസത്തെ രാജസ്ഥാൻ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ലിജോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയാണ് വാലിബൻ. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർ‌വഹിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.   

2 /5

എമ്പുരാൻ: ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ ഷൂട്ടിം​ഗ് ഓ​ഗസ്റ്റിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷനുകൾ സംവിധായകൻ പൃഥ്വിരാജും സംഘവും ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. മുരളി ​ഗോപിയാണ് എമ്പുരാന് തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.  

3 /5

ജയിലർ: രജനികാന്ത് നായകനാകുന്ന ജയിലർ എന്ന തമിഴ് ചിത്രത്തിൽ മോഹൻലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഇതിനോടകം വൈറലാണ്. മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുന്നത്.  

4 /5

റാം - മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. 2020 ൽ പ്രഖ്യാപിച്ച ചിത്രമാണ് റാം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കോവിഡ് കാരണം ഷൂട്ടിം​ഗ് വൈകുകയായിരുന്നു. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.   

5 /5

ബറോസ് - മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു.നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്.   

You May Like

Sponsored by Taboola