ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ ബഹിഷ്ക്കരിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പാക് സ്വദേശിയായ ആദില്‍ താജ്.
ദുബായില്‍ നടന്ന ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയഗാന൦ തെറ്റ് കൂടാതെ ആലപിച്ച് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ആദില്‍ താജ്. പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന ഇന്ത്യയുടെ തീരുമാനം പിന്‍വലിക്കണമെന്നാണ് ആദില്‍ ആവശ്യപ്പെടുന്നത്.
പാക്കിസ്ഥാനെക്കാള്‍ ഇന്ത്യയെ ആരാധിക്കുന്നവരാണ് ഷാഹിദ് അഫ്രീദിയും ഷൊയ്ബ് അക്തറുമെല്ലാമെന്നും. പുല്‍വാമ സംഭവത്തിന് ശേഷവും യു.എ.ഇയില്‍ ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും ഉഷ്മളമായ ബന്ധം തുടരുന്നുണ്ടെന്നും ആദില്‍ പറയുന്നു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒപ്പിട്ട ഒരു ജഴ്‌സി ഇപ്പോഴും അഫ്രീദിയുടെ വീട്ടില്‍ ഫ്രെയി൦ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അഫ്രീദി വിരമിച്ചപ്പോള്‍ വിരാട് കോഹ്ലി ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട തന്‍റെ ജഴ്‌സി സമ്മാനിച്ചിരുന്നു.
അങ്ങനെ പല സംഭാവനകളും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആദില്‍ ഓര്‍മ്മിപ്പിക്കുന്നു.
#WATCH: Pakistani cricket fan Adil Taj who sang the Indian national anthem during Indo-Pak Asia Cup match in 2018 on India-Pak clash in World Cup 2019. pic.twitter.com/j4lBrkALZJ
— ANI (@ANI) February 21, 2019
മത്സരം ബഹിഷ്‌കരിക്കരിക്കുന്നതിന് പകരം ഇരു രാജ്യങ്ങളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ആദില്‍ പറയുന്നു.
ഇരുപത്തി അയ്യായിരം പേര്‍ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയത്തില്‍ നാലു ലക്ഷത്തിലേറെ അപേക്ഷകളാണ് മത്സരം കാണാന്‍ ലഭിച്ചിട്ടുള്ളതെന്നു ഐ.സി.സി ഡയറക്ടര്‍ പറഞ്ഞിട്ടുണ്ട്. ഈയൊരു മത്സരം കാണാന്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്- ആദില്‍ കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഹര്‍ഭജന്‍ സി൦ഗ്, സൗരവ് ഗാംഗുലി, എന്നിവരടക്കമുള്ള താരങ്ങള്‍ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.