ഹാങ്ചോ: ഏഷ്യൻ ഗെയിംസ് 19ാം പതിപ്പിന് ചൈനയിലെ ഹാങ്ചോയിൽ വർണാഭമായ തുടക്കം. ഒളിമ്പിക്സ് സ്പോർട്സ് സെൻ്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് സ്പോർട്സ് മാമാങ്കത്തിന് തിരിതെളിഞ്ഞത്. ഉദ്ഘാടനച്ചടങ്ങിൽ ഹോക്കി നായകൻ ഹർമൻപ്രീത് സിങ്ങും ബോക്‌സർ ലവ്‌ലിന ബോർഗോഹെയ്‌നും ഇന്ത്യൻ പതാകയേന്തി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിൽ ചൈനീസ് സാംസ്‌കാരിക പാരമ്പര്യത്തിന്റെ സൗന്ദര്യം തെളിയിക്കുന്ന കലാപരിപാടികളുടെ മോടിയോടെയുള്ള ഉദ്ഘാടന ചടങ്ങാണ് ചൈന ഒരുക്കിയത്. വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികൾ ഉൾപ്പെടെ അരലക്ഷത്തോളം പേർ ഉദ്ഘാടനച്ചടങ്ങിനു സാക്ഷികളായി. ഒക്ടോബർ എട്ട് വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 45 രാജ്യങ്ങളിൽ നിന്ന് 12000-ത്തോളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. നാല് വർഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്ക് തിരിച്ചെത്തുന്നുവെന്നത് ഈ ഏഷ്യൻ ഗെയിംസിന്റെ പ്രത്യേകതയാണ്.
655 അംഗങ്ങളുള്ള സംഘത്തെയാണ് ഇന്ത്യ ഇത്തവണ ഏഷ്യൻ ഗെയിംസിന് അയച്ചിരിക്കുന്നത്. ഇത് ഏഷ്യാഡ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തേയും വലിയ സംഘമാണ്. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇതിൽ 39 ഇനങ്ങളിലാണ് ഇന്ത്യ ഇത്തവണ മത്സരിക്കുന്നത്. കൂടുതൽ മെഡലുകൾ നേടിത്തരാറുള്ള അത്ലറ്റിക്സിൽ ഇന്ത്യൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, ഡയമണ്ട് ലീഗ് ഫൈനൽസിന് യോഗ്യത നേടിയ മലയാളി എം ശ്രീശങ്കർ, സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാംബ്ലെ തുടങ്ങി നിരവധി താരങ്ങൾ ഇക്കുറി അണിനിരക്കുന്നുണ്ട്. 2018 ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 70 മെഡലുകളോടെ എട്ടാം സ്ഥാനത്താണ് ഇന്ത്യ ഗെയിംസ് അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...