കോപ്പ അമേരിക്കയിലെ മോശം പ്രകടനം : ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ദുംഗയെ പുറത്താക്കി

Last Updated : Jun 15, 2016, 10:34 AM IST
കോപ്പ അമേരിക്കയിലെ മോശം പ്രകടനം : ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ദുംഗയെ പുറത്താക്കി

ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ദുംഗയെ പുറത്താക്കി. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റിലെ ബ്രസീലിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. കോപ്പയില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. അവസാന ഗ്രൂപ് മത്സരത്തില്‍ പെറുവിനോട് 1-0ത്തിന് തോറ്റ് നാട്ടില്‍ മടങ്ങിയത്തെിയതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍റെ നടപടി.ബ്രസീല്‍ വേദിയാവുന്ന ഒളിമ്പിക്സില്‍ ടീമിനെ ഒരുക്കാനുള്ള ചുമതല കൊറിന്ത്യന്‍സ് കോച്ച് ടൈറ്റിന് നല്‍കി. ദുംഗക്കൊപ്പം ടെക്നിക്കല്‍ സ്റ്റാഫിനെയും ടീം കോഓഡിനേറ്റര്‍ ഗില്‍മര്‍ റിനാല്‍ഡിയെയും പുറത്താക്കി.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ അടിയന്തര കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നടപടിയെന്ന് ബ്രസീല്‍ ഫെഡറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.1994ലെ കോചാമ്പ്യന്‍ ടീം ക്യാപ്റ്റനായിരുന്ന ദുംഗ 2006ലാണ് ആദ്യമായി ബ്രസീല്‍ ദേശീയ ടീം പരിശീലക പദവിയിലത്തെുന്നത്. 2010 ലോകകപ്പിലെ ദയനീയ പുറത്താവലിന് പിന്നാലെ സ്ഥാനം നഷ്ടപ്പെട്ട മുന്‍ പ്രതിരോധനായകന്‍, ഇക്കഴിഞ്ഞ ലോകകപ്പിനുശേഷമാണ് വീണ്ടും മഞ്ഞപ്പടയുടെ പരിശീലക പദവിയിലത്തെുന്നത്. ബ്രസീലിന്‍െറ സൗന്ദര്യാത്മക ഗെയിം നഷ്ടപ്പെടുത്തിയെന്നാണ് ദുംഗക്കെതിരെ എതിരാളികളുടെ പ്രധാന വിമര്‍ശം. കോപ അമേരിക്കയില്‍ ആദ്യ മത്സരത്തില്‍ എക്വഡോറിനോട് തോറ്റ ബ്രസീല്‍ രണ്ടാം അങ്കത്തില്‍ ഹെയ്തിയെ 7-1ന് തോല്‍പിച്ചെങ്കിലും അവസാന മത്സരത്തിലെ തോല്‍വി വഴികളടച്ചു. ഹാന്‍ഡ്ബാള്‍ ഗോളിലൂടെയായിരുന്നു പെറു വിജയിച്ചത്.

Trending News