ബ്രസീലിയ: പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രസീലിലെ ഇടക്കാല മന്ത്രിസഭയില്‍ നിന്ന് വീണ്ടും രാജി. ട്രാന്‍സ്‌പെറന്‍സി മന്ത്രി ഫാബിയാനോ സില്‍വീരയാണ് രാജിവച്ചത്. ആസൂത്രണ വകുപ്പ് മന്ത്രിയായിരുന്ന റൊമീറോ ജൂക്ക രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് സില്‍വീരയുടെ രാജി.
ബ്രസീലിന്റെ ഉടമസ്ഥതയിലുള്ള പെട്രോബാസ് എണ്ണക്കമ്പനിയിലെ അഴിമതി അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിനായി പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിന്‍റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞാഴ്ച ബ്രസീലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഇടക്കാല പ്രസിഡന്റ് മൈക്കള്‍ ടെമറിന്‍റെ വിശ്വസ്തനും ആസൂത്രണവകുപ്പ് മന്ത്രിയുമായ റൊമീറോ ജൂക്ക രാജിവെച്ചത്. ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി സ്റ്റാഫ് അംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് സില്‍വീരയും സ്ഥാനമൊഴിഞ്ഞത്. ഗൂഢാലോചന പുറത്തായ സ്ഥിതിക്ക് ഇംപീച്ച്‌മെന്റ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ദില്‍മയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.