ഫിഫ അണ്ടര്‍-17 ലോകകപ്പ്: ശക്തരായ ഘാനയെ തോല്‍പ്പിച്ച് മാലി സെമിയില്‍

Last Updated : Oct 21, 2017, 08:20 PM IST
ഫിഫ അണ്ടര്‍-17 ലോകകപ്പ്: ശക്തരായ ഘാനയെ തോല്‍പ്പിച്ച് മാലി സെമിയില്‍

ഫിഫ അണ്ടര്‍ – 17 ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തറ പറ്റിച്ച് മാലി സെമിഫൈനലില്‍ പ്രവേശിച്ചു. മഴ തുടര്‍ച്ചയായി പെയ്തുകൊണ്ടിരുന്ന ഗുവാഹത്തിയിലെ ചെളി നിറഞ്ഞ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ കാണികളുടെ അഭാവം തളര്‍ത്താതെ ഇരു ടീമുകളും പൊരുതിയെങ്കിലും മികച്ചുനിന്ന മാലി ജയം കൈപ്പിടിയിലോതുക്കുകയായിരുന്നു.

ഹജി ഡ്രെയിം(15), ജെമോസ ട്രവോർ(61) എന്നിവരുടെ ഗോളുകളാണ് മാലിയെ വിജയത്തിലെത്തിച്ചത്. ഘാനയ്ക്കായി കുട്സ് മുഹമ്മദ് ആശ്വാസ ഗോൾ നേടി. സ്പെയിൻ-ഇറാൻ മത്സരത്തിലെ വിജയികളാകും സെമി ഫൈനലിൽ മാലിയുടെ എതിരാളികള്‍.

ആഫ്രിക്കൻ ടീമുകളുടെ പതിവു ശൈലിയായ ആക്രമണ ഫുട്ബോളാണ് ഇരുടീമുകളും തുടക്കം മുതൽ പുറത്തെടുത്തത്. എന്നാല്‍, ഘാനയെക്കാൾ  ആദ്യ മിനിറ്റു മുതൽ മുന്നിട്ടു നിന്ന മാലിക്ക് വൈകാതെ പന്ത് വലയിലെത്തിക്കാനായി. ഘാനയുടെ പ്രതിരോധ നിരയെ കബളിപ്പിച്ചു നടത്തിയ മിന്നലാക്രമണത്തില്‍ 15ാം മിനിറ്റിലാണ് ഹജി ഡ്രെയിം മാലിക്കായി ആദ്യ ഗോൾ നേടിയത്. 

മാലിയുടെ ഫൗളുകളിൽ തുടർച്ചയായി ഘാനയ്ക്ക് ഫ്രീ കിക്കുകള്‍ ലഭിച്ചിരുന്നെങ്കിലും അതു ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അവർക്കു സാധിച്ചില്ല. ആദ്യപകുതിയില്‍ തന്നെ സമനില പിടിക്കാന്‍ സുവര്‍ണ്ണ അവസരം ലഭിച്ച ഘാനയ്ക്ക് മാലി താരത്തെ തള്ളിയിട്ടത് വിനയായി.  41–ാം മിനിറ്റിൽ ലഭിച്ച മനോഹരമായ ക്രോസിലൂടെ ഗോൾവല കുലുക്കിയെങ്കിലും ഘാനയുടെ ഇബ്രാഹിം സല്ലിക്കെതിരെ റഫറി ഫൗൾ വിധിച്ചു. 

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ഘാനയ്ക്ക് പക്ഷേ ഗോള്‍ മാത്രം നേടാനായില്ല.  61–ാം മിനിറ്റിൽ ജെമോസ ട്രവോറിന്‍റെ ഷോട്ടിലൂടെ രണ്ടാം ഗോൾ മാലിക്കു സ്വന്തമായി. 70ാം മിനിറ്റിലാണ് പെനാല്‍റ്റിയിലൂടെ ഘാന ആശ്വാസ ഗോള്‍ നേടിയത്. മാലിയുടെ ഗോൾ‌ പോസ്റ്റിനു മുന്നിൽ പന്തെത്തി നിൽക്കെ ഫോഡ് കൊനാറ്റെയുടെ ഫൗളാണ് ഘാനയുടെ ആദ്യ ഗോളിന് വഴിയോരുക്കിയത്. കിക്കെടുത്ത കുട്സ് മുഹമ്മദ് പന്ത് ഭംഗിയായി മാലി വലയിലെത്തിച്ചു. 

Trending News