ദോഹ : ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു. ടൂർണമെന്റിന്റെ പ്രീക്വാർട്ടറിന് മുന്നോടിയായിട്ടുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് തിരിച്ചടി. ദക്ഷിണ കൊറിയയുമായിട്ടുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യൂറോപ്യൻ വമ്പന്മാർക്ക് അടിതെറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ദക്ഷിണ കൊറിയ പോർച്ചുഗലിനെ അട്ടിമറിച്ചത്. ജയത്തോടെ ഏഷ്യൻ ടീം ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടിറിലേക്ക് പ്രവേശിച്ചു.
അതേസമയം ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ യുറുഗ്വെ ആഫ്രിക്കൻ ടീമായ ഘാനയെ തോൽപ്പിച്ചെങ്കിലും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. ജയം നേടി കൊറിയൻ ടീമുമായി പോയന്റ് പട്ടികയിൽ സമനിലയിൽ എത്തിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് ടൂർണമെന്റിന്റെ പുറത്തേക്ക് പോകേണ്ടി വന്നു. കൊറിയെക്കാൾ രണ്ട് ഗോളിന് പിന്നിലായിട്ടാണ് യുറുഗ്വെ തങ്ങളുടെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾ അവസാനിപ്പിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യത്തോടെ തോൽവി ഏറ്റു വാങ്ങി ഘാനയും ടൂർണമെന്റിന് പുറത്തേക്ക് പോയി.
ALSO READ : FIFA World Cup 2022: ലോക റാങ്കിങ്ങിൽ രണ്ടാമത് ഒന്നാം റൗണ്ടില്‍ ബെൽജിയം പുറത്ത്, മൊറോക്കോയും നോക്കൗട്ടിൽ
5-ാം മിനിറ്റിൽ ലീഡ് നേടിയ പോർച്ചുഗലാണ് പിന്നീട് രണ്ട് ഗോളുകൾ വഴങ്ങി അട്ടമറി നേരിട്ടത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് കൊറിയ വിജയഗോൾ കണ്ടെത്തിയത്. 27-ാം മിനിറ്റിൽ കിം യോങ് ഗ്വോൺ, 91-ാം മിനിറ്റിൽ ഹ്വാങ് ഹി ചാൻ എന്നിവരാണ് ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 5-ാം മിനിറ്റിൽ റിക്കാർഡോ ഹോർട്ടയാണ് പോർച്ചുഗലിന്റെ ഗോൾ സ്കോറർ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുറുഗ്വെ ഘാനയെ തോൽപ്പിച്ചത്. ഗിഓർഗിയൻ ഡി അറസ്കേട്ടയാണ് രണ്ട് ഗോളുകളും സ്വന്തമാക്കിയത്. 17-ാം മിനിറ്റിൽ ഘാനയ്ക്ക് പെനാൽറ്റിയിലൂടെ അവസരം ലഭിച്ചെങ്കിലും അത് നഷ്ടപ്പെടുത്തുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ടൂർണമെന്റിന്റെ നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുന്നത്. 2002ൽ സ്വദേശത്ത് നടന്ന ലോകകപ്പ് ടൂർണമെന്റിൽ കൊറിയ സെമി ഫൈനൽ വരെ പ്രവേശിക്കുകയും ചെയ്തിരുന്നു. ലൂസേഴ്സ് ഫൈനലിൽ തർക്കിയോട് തോൽവി ഏറ്റുവാങ്ങി. തുടർന്ന് ആഫ്രിക്കൻ ലോകകപ്പിലാണ് കൊറിയ നോക്കൗട്ട് റൗണ്ടിൽ ഇടം നേടിട്ടുള്ളത്. 2002ന് ശേഷം ആദ്യമായിട്ടാണ് യുറുഗ്വെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താകുന്നത്.
ഇന്ന് അർധ രാത്രിയിൽ നടക്കുന്ന ഗ്രൂപ്പ് ജിയിലെ മത്സരങ്ങളാകും പോർച്ചുഗലിന്റെയും ദക്ഷിണ കൊറിയയുടെയും എതിരാളികൾ ആരെന്ന് വിധി എഴുതുക. രണ്ട് മത്സരങ്ങളിൽ ജയിച്ച ബ്രസീൽ നേരത്തെ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. 3 പോയിന്റുമായി സ്വറ്റ്സർലാൻഡാണ് നിലവിൽ ഗ്രൂപ്പിലെ രണ്ടാമൻ. ഒരോ പോയിന്റമായി കാമെറൂണും സെർബിയ രണ്ട് മൂന്നും സ്ഥാനങ്ങളിലുണ്ട്. ഗ്രൂപ്പ് ജിയിൽ അവസാന ഘട്ട മത്സരത്തിൽ കാമെറൂൺ ആണ് ബ്രസീലിന്റെ എതിരാളി. സെർബിയ സ്വിറ്റ്സർലാൻഡിന് നേരിടും. ലുസൈൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...