മുംബൈ: ബംഗ്ലാദേശിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. രണ്ടാം ഏകദിനത്തിൽ കൈയുടെ തള്ളവിരലിന് പരിക്കേറ്റ് നായകൻ രോഹിത് ശർമ പുറത്തായിരുന്നു. ഇതോടെ താരത്തിന് മൂന്നാം ഏകദിനവും ടെസ്റ്റ് പരമ്പരയും നഷ്ടപ്പെടുകയായിരുന്നു. ചെതേശ്വർ പുജാരയാണ് വൈസ് ക്യാപ്റ്റൻ.
നാല് മാറ്റങ്ങളോടെയാണ് ബിസിസിഐ ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. രോഹിത് ശർമയ്ക്ക് പകരം അഭിമന്യൂ ഈശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കിൻ്റെ പിടിയിൽ തുടരുന്ന മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരമായി നവ്ദീപ് സൈനിയും സൗരഭ് കുമാറും ടീമിൽ ഇടംനേടി. സൗരാഷ്ട്ര താരം ജയ്‌ദേവ് ഉനദ്ഖടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനമാണ് താരത്തിന് ടീമിൽ ഇടംനേടി കൊടുത്തത്. റിഷഭ് പന്തും കെ എസ് ഭരതുമാണ് ടീമിലുള്ള വിക്കറ്റ് കീപ്പർമാർ.
ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക. ഡിസംബർ 14നാണ് ആദ്യ ടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റ് ഡിസംബർ 22നാണ് നടക്കുന്നത്. ഏകദിന പരമ്പരയിലെ തോൽവിയെ മറികടക്കാൻ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സ്വന്തമാക്കണം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയാൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനും ഇന്ത്യക്ക് വഴി തുറന്നുകിട്ടും. ഫെബ്രുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇനി കളിക്കാനുള്ളത്.
അതേസമയം രണ്ട് ടെസ്റ്റുകളിൽ ഏതെങ്കിലും ഒന്നിലുള്ള പ്ലേയിംഗ് ഇലവനില്‍ ഇടംനേടിയാൽ ഒരു അപൂര്‍വ റെക്കോര്‍ഡ് 31കാരനായ ജയദേവ്
ഉനദ്ഖടിനെ കാത്തിരിക്കുന്നുണ്ട്. രണ്ട് ടെസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാവും ഉനദ്ഖട്. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് താരം അവസാനമായി ടെസ്റ്റില്‍ ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും പത്ത് ടി-20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഖടിനെ ടെസ്റ്റിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിരുന്നില്ല.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യൂ ഈശ്വരന്‍, നവ്ദീപ് സൈനി, സൗരഭ് കുമാര്‍, ജയ്‌ദേ് ഉനദ്ഖട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...