ഗോള്‍: ശ്രീലങ്കക്കെതിരേ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന്‍റെ കൂറ്റന്‍ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രിലങ്കയ്ക്ക് 245 റണ്‍സേ എടുക്കാനായുള്ളൂ.
ശ്രിലങ്കയുടെ രംഗന ഹെറാത്ത്, അസേല ഗുണരത്നെ എന്നിവര്‍ കളിക്കിടയില്‍ പരുക്കേറ്റതിനെ തുടര്‍ന്ന്‍ ബാറ്റിംഗിനിറങ്ങിയില്ല. കളി ജയിക്കാന്‍ എട്ടു വിക്കറ്റ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയ്ക്കു വേണ്ടി ആര്‍. അശ്വിനും രവിന്ദ്ര ജഡേജയും മൂന്നു വീതം വിക്കറ്റ് നേടി. ഉമേഷ് യാദവ്, മൊഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സില്‍ വെറും 168 പന്തില്‍ 31 ബൗണ്ടറികളുടെ സഹായത്തോടെ നേടിയ 190 റണ്‍സ് ശിഖര്‍ ധവാനെ മാന്‍ ഓഫ് ദി മാച്ചിന്ഹര്‍ഹാനാക്കി. മൂന്നു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്
189/3 എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ, സ്കോര്‍ 240ല്‍ എത്തിയപ്പോള്‍ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ വിരാട് കോഹ്‍ലി പതിനേഴാം സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 136 പന്തിൽ നിന്ന്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്സറടക്കം 103 റൺസെടുത്ത കോഹ്‍ലിയും 18 പന്തിൽ രണ്ടു ബൗണ്ടറിയുൾപ്പെടെ 23 റൺസെടുത്ത ഉപനായകൻ അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 51 റൺസ് കൂട്ടിച്ചേർത്തു.
550 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രിലങ്കയക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിംഗ്സില്‍ തിളങ്ങിയ ഉപുള്‍ തരംഗ(10 പന്തില്‍ 10)യുടെയും, ധനുഷ് ഗുണതിലക(8 പന്തില്‍ 2)യുടെയും വിക്കറ്റാണ് നഷ്ടമായത്. ഉമേഷ് യാദവും മൊഹമ്മദ് ഷമിയുമാണ് വിക്കറ്റ് നേടിയത്. പിന്നീട്, ദിമുത് കരുണരത്നെക്കൊപ്പം കുശാൽ മെൻഡിസ് (71 പന്തിൽ 36) 79 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ചെറുത്തുനില്‍പ്പിനു ശ്രമിച്ചെങ്കിലും ജഡേജയുടെ പന്തില്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി കുശാലും മടങ്ങി.
ആദ്യ ഇന്നിംഗ്സില്‍ തിളങ്ങിയ ഏഞ്ചലോ മാത്യൂസ് (10 പന്തിൽ 2) ജഡേജയുടെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ഹാര്‍ഡിക്ക് പാണ്ഡെയ്ക്ക് ക്യാച്ച് നല്‍കി അതിവേഗം മടങ്ങി. ശ്രിലങ്കയക്ക് വേണ്ടി ദിമുത് കരുണരത്നെ(97 പന്തില്‍208), നിരോഷൻ ഡിക്‌വല്ല(94 പന്തില്‍ 67) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു.