സമ്പന്നമായ ഐപിഎൽ കരിയറിന് ഉടമയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലിലെ തന്റെ 250-ാമത്തെയും ഒരുപക്ഷേ അവസാനത്തെയും മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ധോണി. 2019ൽ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലും മഴ കാരണം റിസർവ് ഡേയിലേയ്ക്ക് മാറ്റിവെച്ചിരുന്നു. ഇത്തവണ ഐപിഎല്ലിലും ചരിത്രത്തിൽ ആദ്യമായി ഒരു ഫൈനൽ മത്സരം റിസർവ് ഡേയിലേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഏകദിനത്തിന് സമാനമായി ഐപിഎല്ലിലും റിസർവ് ഡേയിലെ മത്സരത്തോടെ ധോണി വിരമിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ലോകകപ്പ് സെമി ഫൈനൽ തോൽവിക്ക് ഒരു വർഷത്തിന് ശേഷം, 2020 ഓഗസ്റ്റ് 15 ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിനു ശേഷവും ധോണി ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്നത് തുടർന്നു. തൻ്റെ ടീമിനെ 2021ൽ കിരീടത്തിലേക്ക് നയിക്കാനും ധോണിയെന്ന ഇതിഹാസ നായകന് കഴിഞ്ഞു. ഇന്നത്തെ മത്സരത്തിന്റെ അന്തിമ ഫലം എന്തായാലും ധോണി തന്റെ അവസാനത്തെ മത്സരമാകും കളിക്കുകയെന്ന ഊഹാപോഹങ്ങൾ ശക്തമായിരിക്കുകയാണ്.
ALSO READ: ആകാശം തെളിയുമോ? ചെന്നൈ-ഗുജറാത്ത് കലാശപ്പോര് ഇന്ന്
ഡെവൺ കോൺവേ, തുഷാർ ദേശ്പാണ്ഡെ തുടങ്ങിയ ചെന്നൈ താരങ്ങൾ അവരുടെ പ്രിയ നായകൻ ധോണിക്ക് ആദരവ് അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. ഐപിഎല്ലിൽ ഇതുവരെ 249 മത്സരങ്ങളിൽ നിന്ന് 39.09 ശരാശരിയിൽ 24 അർധ സെഞ്ച്വറികൾ സഹിതം 5,082 റൺസാണ് ധോണി അടിച്ചു കൂട്ടിയത്. 135.96 ആണ് സ്‌ട്രൈക്ക് റേറ്റ്. പുറത്താകാതെ നേടിയ 84 റൺസാണ് ധോണിയുടെ ഉയർന്ന സ്കോർ.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ചെന്നൈയുടെ സ്റ്റാർ ബാറ്റർ അമ്പാട്ടി റായിഡു പ്രഖ്യാപിച്ചു കഴിഞ്ഞു. തന്റെ കരിയറിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ രണ്ട് ചാമ്പ്യൻ ടീമുകൾക്കായി കളിക്കാൻ റായിഡുവിന് സാധിച്ചു. ഇന്ന് രാത്രി ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടീമിനെതിരെ വിജയിച്ച് കപ്പുയർത്തിക്കൊണ്ട് കരിയറിന് അവസാനം കുറിക്കാനൊരുങ്ങുകയാണ് റായിഡു.
“2 മികച്ച ടീമുകൾ, 204 മത്സരങ്ങൾ, 14 സീസണുകൾ, 11 പ്ലേഓഫുകൾ, 8 ഫൈനൽ, 5 ട്രോഫികൾ. ഇന്ന് രാത്രി ആറാം ട്രോഫി പ്രതീക്ഷിക്കുന്നു. ഇത് തീർച്ചയായും ഒരു മികച്ച യാത്രയാണ്. ഇന്ന് രാത്രി നടക്കുന്ന ഫൈനൽ ഐപിഎല്ലിലെ എന്റെ അവസാന മത്സരമായിരിക്കും. ഞാൻ ശരിക്കും ആസ്വദിച്ചു. നിങ്ങൾക്ക് എല്ലാവർക്കും നന്ദി. ഇനിയൊരു യൂ ടേൺ ഇല്ല.” അമ്പാട്ടി റായിഡു ട്വീറ്റ് ചെയ്തു.
അഹമ്മദാബാദിലെ കനത്ത മഴ കാരണം ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരം റിസർവ് ഡേ ആയ തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫൈനൽ മത്സരം റിസർവ് ഡേയിലേയ്ക്ക് മാറ്റി വെയ്ക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
സാധ്യതാ ടീം
ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ടീം : വൃദ്ധിമാൻ സാഹ (WK), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (C), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.
ചെന്നൈ സൂപ്പർ കിംഗ്സ് സാധ്യതാ ടീം : റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (C & WK), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...