അന്ധേരിയിലെ നീലക്കടലിനെ മഞ്ഞക്കടലാക്കി കേരള ബ്ലാസ്റ്റേഴ്സ്

  

Last Updated : Jan 15, 2018, 10:30 AM IST
 അന്ധേരിയിലെ നീലക്കടലിനെ മഞ്ഞക്കടലാക്കി കേരള ബ്ലാസ്റ്റേഴ്സ്

മുംബൈ: ഐഎസ്എലില്‍  മുംബൈയെ അവരുടെ ഹോം ഗ്രൗണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഡേവിഡ്‌ ജെയിംസിന്‍റെ മഞ്ഞപട.  മ്യൂലന്‍സ്റ്റീന് പകരം ഡേവിഡ് ജെയിസ് വന്നതിനുശേഷം ടീം നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേടിയ  ഇയാന്‍ ഹ്യൂമിന്‍റെ തന്ത്രപരമായ നീക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം എവേ വിജയം നേടികൊടുത്തത്.

14 മത്തെ മിനിട്ടില്‍ ഫ്രീകിക്കിലൂടെ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചു. എന്നാല്‍ പെക്കൂസന്‍റെ പാസില്‍ നിന്ന് ഇയാന്‍ ഹ്യൂം ഗോള്‍ കണ്ടെത്തിയതോടെ മഞ്ഞപ്പട ആദ്യ പകുതി സ്വന്തമാക്കി. മുംബൈയും ആക്രമണത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്.  24 മത്തെ മിനിട്ടില്‍ മുംബൈ ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനിടയില്‍ ഹ്യൂമേട്ടന്‍റെ തന്ത്രപരമായ നീക്കം മുംബൈയുടെ പോസ്റ്റിലേക്ക് ഇരച്ചുകയറിയതോടെ ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി.  47 ത്തെ മിനിട്ടില്‍ മാര്‍ക് സിഫ്നോസിന് പകരം മലയാളിതാരം സി.കെ വിനീത് കളത്തിലിറങ്ങി. ഗാലറിയിലെ മഞ്ഞക്കടലാരവത്തെ നിശബ്ധമാക്കി 49 ത്തെ മിനിട്ടില്‍ മുബൈ സിറ്റി എഫ്സി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 55 മത്തെ മിനിട്ടില്‍ മലയാളി താരം റിനോ ആന്‍റോ പരിക്കേറ്റ് പുറത്തുപോയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ഗോള്‍വഴങ്ങാതെ പിടിച്ചുനിന്നു. 

പിന്നീട് രണ്ട് ടീമും ആക്രണം ശക്തിപ്പെടുത്തിയെങ്കിലും അധിക ഗോളുകള്‍ പിറന്നില്ല. കളിയിലെ താരം ഹ്യുമേട്ടന്‍ തന്നെയാണ്.  ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയിന്‍റുമായി കേരളം ആറാം സ്ഥാനത്തെത്തി. 10 കളികളില്‍ 14 പോയിന്‍റുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്.  17ന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മൽസരം.

 

 

Trending News