ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ഇത്തവണ അഞ്ച് പേര് അര്‍ഹരായി. അഞ്ച് പേര്‍ക്ക് ഒരുമിച്ച് പരമോന്നത കായിക ബഹുമതി നല്‍കുന്നത് ഇത് ആദ്യം. 2016ല്‍ നാലു താരങ്ങള്‍ക്കു ഖേല്‍രത്ന സമ്മാനിച്ചിരുന്നു.
ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ചു പേരാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. രോഹിതിനെക്കൂടാതെ പാരാലിന്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന് തങ്കവേലു, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മണിക ബത്ര, വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ഹോക്കി താരം റാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന.
പരിശീലകര്‍ക്ക് നല്കുന്ന ബഹുമതിയായ ദ്രോണാചര്യ പുരസ്കാരത്തിന് ലൈഫ് റ്റൈം കാറ്റഗറിയില്‍ എട്ട് പേരാണ് അര്‍ഹരായത്. ആര്‍ച്ചറി പരിശീലകന് ധര്‍മ്മേന്ദ്ര തിവാരി, അത്ലറ്റിക് -പുരുഷോത്തമന് റായി, ബോക്സിംഗ്-ശിവ് സിംഗ്, ഹോക്കി-റോമേഷ് പതാനിയ, കബഡി-കൃഷണ് കുമാര്‍ ഹുഡ, പാര പവര്‍ലിഫിറ്റിംഗ്-ബാലചന്ദ്ര മുനിശ്വര്‍, ടെന്നീസ്-നരേഷ് കുമാര്‍, ഗുസ്തി-ഓം പ്രകാശ് തുടങ്ങിയവര്‍ക്കാണ് ദ്രോണാചര്യ നല്കി രാജ്യം അദരിക്കുന്നത്.
റെഗുലര്‍ കാറ്റഗറിയില്‍ അഞ്ച് പേര്‍ക്കും ദ്രോണാചര്യ പുരസ്കാരം ലഭിച്ചു. ജൂഡ് ഫെലിക് സെബാസ്റ്റ്യന്‍, യോഗേഷ് മല്‍വിയ, ജസ്പാല്‍ റാണ, കുല്‍ദീപ് കുമാര്‍, ഗൗരവ് ഖന്ന എന്നിവര്‍ക്കാണ് റെഗുലര്‍ കാറ്റഗറിയില്‍ ദ്രോണാചര്യ ലഭിച്ചത്.
ദ്യൂതി ചന്ദ്, ഇശാന്ദ് ശര്‍മ, ദീപ്തി ശര്‍മ തുടങ്ങി 27 പേരാണ് അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായത്. ജിന്‍സി ഫിലിപ്പ് ഉള്‍പ്പെടെ 15 പേര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്കാരം ലഭിച്ചു.
ജസ്റ്റിസ് (റിട്ടയേര്‍ഡ്) മുകുന്ദാകം ശര്‍മ അധ്യക്ഷനായ 12 അംഗ സമിതിയാണ് പുരസ്കാര ജേതാക്കളുടെ പേര് കായിക മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തത്.
മുന്‍പ് ഖേല്‍രത്ന പുരസ്കാരം നേടിയിട്ടുള്ള സാക്ഷി മാലിക്ക്, മിരാബായ് ചാനു എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരം നല്‍കേണ്ടതില്ലെന്ന് കായിക മന്ത്രാലയം തീരുമാനിച്ചു. പുരസ്കാര നിര്‍ണയ സമിതി ശുപാര്‍ശ ചെയ്ത 29 പേരില്‍ ബാക്കി 27 പേരുടെയും പേരുകള്‍ക്ക് മന്ത്രാലയം അനുമതി നല്കി.
ദേശീയ കായിക ദിനമായ 29നാണ് എല്ലാവര്‍ഷവും അവാര്‍ഡ് സമ്മാനിക്കുന്നതെങ്കിലും ഇക്കുറി രാഷ്ട്രപതി ഭവനില്‍ വച്ചുള്ള പുരസ്കാര വിതരണം ഉണ്ടാകില്ല.