Qatar World Cup 2022: കളമൊഴിഞ്ഞിട്ടും ലോകകപ്പിനിടെ ബെക്കാം വിവാദത്തിൽ; താരത്തെ വെല്ലുവിളിച്ച് ബ്രിട്ടനിലെ ജനപ്രിയ കൊമേഡിയൻ

David Beckham Controversy: ബെക്കാമിന് ഖത്തറിലുള്ള സാമ്പത്തിക താത്പര്യങ്ങളെ കുറിച്ചുള്ള വാർത്തകൾ കൂടി പുറത്ത് വന്നതോടെ വിവാദം വീണ്ടും ആളിക്കത്തുകയായിരുന്നു. യഥാർത്ഥത്തിൽ ബെക്കാമിനോട് തന്നെ ആണോ എതിർപ്പ് എന്ന ചോദ്യവും ഉയരുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 12:16 PM IST
  • ഖത്തർ ലോകകപ്പിന്റെ താരപ്രചാരകനാണ് ഇംഗ്ലണ്ടിന്റെ മുൻ താരം ഡേവിഡ് ബെക്കാം
  • ഖത്തർ സ്വീകരിക്കുന്ന പല നിലപാടുകളോടും പാശ്ചാത്യ രാജ്യങ്ങൾക്ക് വലിയ എതിർപ്പാണുള്ളത്
  • ഈ എതിർപ്പ് ഡേവിഡ് ബെക്കാമിനോടാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്
Qatar World Cup 2022: കളമൊഴിഞ്ഞിട്ടും ലോകകപ്പിനിടെ ബെക്കാം വിവാദത്തിൽ; താരത്തെ വെല്ലുവിളിച്ച് ബ്രിട്ടനിലെ ജനപ്രിയ കൊമേഡിയൻ

ലണ്ടൻ: മുൻ ഇംഗ്ളണ്ട് സൂപ്പർ താരം ഡേവിഡ് ബെക്കാമിനെതിരെ ബ്രിട്ടനിൽ മനുഷ്യാവകാശ പ്രവർത്തകുടെ പ്രതിഷേധം നാൾക്ക് നാൾ കൂടുന്നു. ഖത്തർ ലോകകപ്പിന്റെ അംബാസിഡർ റോൾ ഏറ്റെടുത്തത് മുതൽ തുടങ്ങിയതാണ് പ്രശ്നങ്ങൾ. ഖത്തറിന്റ നയങ്ങളോട് പാശ്ചാത്യ രാജ്യങ്ങൾക്കുള്ള എതിർപ്പാണ് ബെക്കാമിന് തലവേദനയാകുന്നത്. 

ഇതിനിടെ 10 വർഷം നീളുന്ന 100 മില്യൺ യൂറോ ഇടപാടാണ് ബെക്കാമിനായി ഖത്തറിനുള്ളതെന്ന വാർത്ത പുറത്തുവന്നതും താരത്തിനെതിരായി. ലോകകപ്പിന്റ പ്രചാരകൻ എന്ന രീതിയിൽ സംഘാടകർക്കൊപ്പം നിൽക്കേണ്ടിവരുന്ന ബെക്കാമിനെ വിമർശിക്കുന്നവരിൽ മുൻപിൽ നാട്ടുകാർ തന്നെയാണ്. ഇംഗ്ളണ്ടിലെ മനുഷ്യാവകാശ സംഘടനകളാണ് വിമർശകരിൽ മുന്നിൽ. ലൈംഗിക ന്യൂനപക്ഷങ്ങളോടും പാശ്ചാത്യ തൊഴിലാളികളോടും വിവേചനപരമായി പെരുമാറുന്ന ഖത്തറിന്റെ നിലപാടിനെ ബെക്കാം അനുകൂലിക്കുന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്  ഖത്തർ ലോകകപ്പ് പുരോഗമനപരമായിരിക്കും എന്ന ബെക്കാമിന്റെ പ്രസ്താവനയും തിരിച്ചടിച്ചു. ലൈംഗിക ന്യൂനപക്ഷത്തെ അകറ്റിനിർത്തുന്ന ലോകകപ്പ് വേദികൾ‍ എങ്ങിനെ പുരോഗമനപരമെന്ന് ബെക്കാം വിശദീകരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Read Also: ഇറാനെതിരെ ഇംഗ്ലണ്ടിന്റെ ആറാട്ട്; സാക്കയ്ക്ക് ഇരട്ട ഗോൾ

ഏറ്റവും ഒടുവിൽ ബെക്കാമിനെതിരെ രംഗത്തെത്തിയത് ബ്രിട്ടീഷ് കൊമേഡിയൻ ജോ ലൈസെറ്റ് ആണ്. ലോകകപ്പ് പ്രചാരകന്റെ വേഷം ബെക്കാം അഴിച്ചുവെച്ചില്ലെങ്കിൽ താൻ പതിനായിരം പൗണ്ടിന്റെ ഒറിജിനൽ നോട്ടുകൾ നശിപ്പിച്ചുകളയുമെന്നാണ് ഈ മാസം 13 ന് ലൈസെറ്റ് പ്രഖ്യാപിച്ചത്. ലോകകപ്പ് തുടങ്ങുന്ന ദിവസം വരെ ബെക്കാമിന് അന്ത്യശാസനം നൽകിക്കൊണ്ട് കഴിഞ്ഞയാഴ്ച ലൈസെറ്റ് വീഡിയോയും പങ്കുവെച്ചു. ബെക്കാം മറുപടി നൽകുന്നതുവരെ നോട്ടുകൾ നശിപ്പിച്ചുകളയാതെ മെഷീനിൽ സൂക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. ബെക്കാം അംബാസിഡർ റോൾ ഒഴിഞ്ഞാൽ പതിനായിരം പൗണ്ട് ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല തവണ ട്വിറ്ററിലൂടെ ഓർമപ്പെടുത്തലും ഉണ്ടായി. പക്ഷേ, ലോകകപ്പ് തുടങ്ങിയിട്ടും ബെക്കാം പ്രതികരിച്ചില്ല.

 

എന്നാൽ ഇപ്പോൾ ലൈസെറ്റ് വാക്ക് മാറ്റി. പതിനായിരം പൗണ്ട് വെറുതെ കളയുന്നത് ധാർമികതയല്ലെന്നാണ് ബ്രിട്ടനിലെ ജനപ്രിയ കൊമേഡിയന്റെ ഇപ്പോഴത്തെ വാദം. ബെക്കാമിനെതിരായ ട്വിറ്റർ പോരിലൂടെ താൻ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വലിയ പ്രചാരം നേടിക്കൊടുത്തെന്നും അതിനാൽ പണം അവർക്ക് തന്നെ സംഭാവനയായി നൽകുമെന്നും ആണ് പുതിയ പ്രഖ്യാപനം. എന്തായാലും ബെക്കാമിനെതിരെ വരും ദിവസങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായേക്കും. 

എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണയുമായി 'വൺ ലവ്' ആം ബാൻഡ് ധരിക്കാനുള്ള 5 രാജ്യങ്ങളുടെ നീക്കത്തെ ഫിഫ എതിർത്തത് മനുഷ്യാവകാശ പ്രവർത്തകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഹൃദയ ചിഹ്നവും, വൺ ലവ് ഹാഷ് ടാഗ് രൂപത്തിലുള്ള എഴുത്തുമുള്ള ആം ബാൻഡ് ധരിക്കാതെയാണ് ഇംഗ്ളണ്ട്, വെയിൽസ്, നെതർലൻഡ്സ് ക്യാപ്റ്റൻമാർ കളിക്കാനിറങ്ങിയത്. ആം ബാൻഡ് ധരിക്കുമെന്ന് പ്രഖ്യാപിച്ച മറ്റ് ടീമുകളായ ഡെൻമാർക്ക്, ബെൽജിയം, സ്വിറ്റ്സർലണ്ട്, ജർമനി എന്നിവരും പ്രതിഷേധിക്കാൻ ഇടയില്ല. വിലക്ക് ലംഘിച്ച് ആം ബാൻഡ് ധരിച്ചാൽ പിഴ ആയിരിക്കില്ല, നടപടി ആയിരിക്കും ഉണ്ടാവുക എന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News