മുംബൈ: ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനെ വെള്ളക്കാരനായ പോലീസ് കൊലപ്പെടുത്തിയ സംഭവം ആഗോള തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് അമേരിക്കയില്‍ വര്‍ണ്ണവിവേചനത്തിനെതിരായ മുന്നേറ്റം വളരെ ശക്തമാണ്.
അമേരിക്കക്ക് പിന്നാലെ ലോകമാകെ പല രാജ്യങ്ങളില്‍ നിന്നും 'black lives matters' മുന്നേറ്റത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഒപ്പം നിരവധിയാളുകള്‍ തങ്ങള്‍ നേരിട്ട വിവേചനത്തിന്‍റെ കഥകള്‍ പങ്കുവയ്ക്കുകയുണ്ടായി.
IPLല്‍ തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് കളിക്കാരന്‍ ഡാരന്‍ സമ്മി തുറന്ന് പറഞ്ഞത് ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. സഹതാരങ്ങള്‍ തന്നെ "കാലു" എന്ന് വിളിച്ചിരുന്നത് അധിക്ഷേപമാണെന്ന് അന്ന് മനസിലായില്ലെന്നും തിരിച്ചറിഞ്ഞപ്പോള്‍ ദേഷ്യം വന്നുവെന്നുമാണ് സമ്മി പറഞ്ഞത്. IPLല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിച്ചിരുന്ന ഡാരന്‍ സമ്മിയ്ക്ക് ഇത്തരത്തിലൊരു ആനുഭവം നേരിടേണ്ടിവന്നതായി അറിയില്ല എന്നാണ് സഹതാരങ്ങള്‍ പറയുന്നത്. എന്നാല്‍, തന്നെ അധിക്ഷേപിച്ചവര്‍ക്ക് അത് ആരാണെന്നറിയാമെന്നും നേരിട്ട് സംസാരിച്ച് തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്തുകയോ മാപ്പു പറയുകയോ വേണമെന്ന് സമ്മി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് നിറത്തിന്‍റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്‍റെ പേരിലും വിവേചനം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന അഭിപ്രായവുമായി മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ എത്തിയത് .
'തൊലിയുടെ നിറത്തിന്‍റെ പേരില്‍ മാത്രമല്ല വിവേചനങ്ങളുള്ളത്. ഒരു പ്രദേശത്ത് നിങ്ങള്‍ മറ്റൊരു വിശ്വാസത്തില്‍ പ്പെട്ടയാളാണെന്ന കാരണം പറഞ്ഞ് വീട് വാങ്ങാന്‍ അനുവദിക്കാത്തതും വിവേചനമാണ്' എന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍റെ ട്വീറ്റ്.
Racism is not restricted to the colour of the skin.Not allowing to buy a home in a society just because u have a different faith is a part of racism too... #convenient #racism
— Irfan Pathan (@IrfanPathan) June 9, 2020
എന്നാല്‍, ഡാരന്‍ സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിരുന്നു. സമ്മിയെ കാലു എന്ന് വിശേഷിപ്പിച്ചുള്ള ഇഷാന്ത് ശര്‍മ്മയുടെ ആറ് വര്‍ഷം മുമ്പുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ മറനീക്കി പുറത്തുവന്നു. ഇഷാന്ത് ശര്‍മ്മയുടെ 2014ലെ ഇന്‍സ്റ്റഗ്രാം ചിത്രമാണ് സമ്മിയുടെ ആരോപണത്തിന് അടിവരയിടുന്നത്. സഹതാരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ഡേല്‍ സ്റ്റെയിന്‍, സമ്മി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഇഷാന്ത് പങ്കുവെച്ചിരിക്കുന്നത്. അതിന് 'ഞാന്‍, ഭുവി, കാലു, ഗണ്‍ സണ്‍റേസേഴ്‌സ്' എന്നായിരുന്നു അടിക്കുറിപ്പിട്ടിരിക്കുന്നത്.
നേരത്തെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമായ ക്രിസ് ഗെയ്‌ലും ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറും മുന്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന ദൊഡ്ഡ ഗണേഷും അഭിനവ് മുകുന്ദുമെല്ലാം തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസത്തിന്‍റെ പേരിലുള്ള വിവേചനവും വംശീയ അധിക്ഷേപമാണെന്ന പരാമര്‍ശവുമായി ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയിരിക്കുന്നത്.