സെല്‍ഫി കൊല: ഇന്ത്യ പിന്നിലല്ല!

അപകടസാധ്യതയുള്ള ഇടങ്ങളെ 'സെല്‍ഫി രഹിത മേഖല'യായി നിശ്ചയിക്കണമെന്ന് ആവശ്യം.

Last Updated : Oct 5, 2018, 04:54 PM IST
സെല്‍ഫി കൊല: ഇന്ത്യ പിന്നിലല്ല!

ര്‍വതങ്ങളുടെ മുകള്‍ഭാഗം, ഉയരമുള്ള കെട്ടിടങ്ങളുടെ മുകള്‍ഭാഗം, തടാകങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസിക സെല്‍ഫികള്‍ക്ക് ആരാധകര്‍ ഏറെയാണ്‌. എന്നാല്‍, അങ്ങനെയുള്ള സാഹസിക സെല്‍ഫികള്‍ പകര്‍ത്തുന്നത്തിനിടയില്‍ മരണപ്പെട്ടവരുടെ എണ്ണം 259 ആണ്. 

2011-17  കാലഘട്ടത്തിലെ കണക്കുകള്‍ പ്രകാരമാണിത്. മരണങ്ങളുടെ തോത് കുറയ്ക്കുന്നതിന്, അപകടസാധ്യതയുള്ള ഇടങ്ങളെ 'സെല്‍ഫി രഹിത മേഖല'യായി നിശ്ചയിക്കണമെന്ന് യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ ഗവേഷകര്‍ ആവശ്യപ്പെടുന്നു.

സാഹസികമായി സെല്‍ഫി പകര്‍ത്തുന്നതിനിടെ സംഭവിക്കുന്ന മുങ്ങി മരണം, വാഹന അപകടങ്ങള്‍, ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച തുടങ്ങിയവയാണ് സര്‍വ സാധാരണമായ മരണകാരണങ്ങള്‍.

മൃഗങ്ങളുടെ ആക്രമണം, വൈദ്യുതാഘാതം, തീ, ആയുധങ്ങള്‍ എന്നിവയും മരണകാരണങ്ങളില്‍ പെടുന്നു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇത്തരം മരണങ്ങള്‍ സംഭാവിക്കാറുണ്ടെങ്കിലും ഇന്ത്യ, റഷ്യ, അമേരിക്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലാണ് മരണ സംഖ്യ കൂടുതല്‍. 

ഇതില്‍ 72 ശതമാനവും പുരുഷന്മാരാണെന്നും സെല്‍ഫി മരണങ്ങളുടെ നിരക്ക് വര്‍ധിച്ചുവരികയാണെന്നും പഠനം പറയുന്നു. 2011ല്‍ മൂന്ന് സെല്‍ഫി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ ഇത് 98 ആയി വര്‍ധിച്ചു. 2017ല്‍ 93 പേരാണ് മരിച്ചത്.

എന്നാല്‍, കൃത്യമായി രേഖപ്പെടുത്തിയവ മാത്രമേ കണക്കിലെടുത്തിട്ടുള്ളൂവെന്നും സെല്‍ഫി മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ ചിലപ്പോള്‍ ഇതില്‍ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

സെല്‍ഫി മരണങ്ങള്‍ എന്ന നിലയില്‍ പലപ്പോഴും മരണങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്നും, സെല്‍ഫി എടുക്കുമ്പോഴുണ്ടായ വാഹനാപപകടങ്ങളില്‍ പലതും വാഹനാപകടങ്ങള്‍ മാത്രമായാണ് രേഖപ്പെടുത്തുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.     
 

Trending News