ഇങ്ങനെ വസ്ത്രം ധരിച്ചോളൂ.. ആരും നിങ്ങളെ ബലാത്സംഗം ചെയ്യില്ല!!

ഒന്നും കാണാനില്ലെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ ഒന്നുമില്ലെന്നാണല്ലോ അര്‍ത്ഥ൦

Sneha Aniyan | Updated: May 13, 2019, 07:05 PM IST
 ഇങ്ങനെ വസ്ത്രം ധരിച്ചോളൂ.. ആരും നിങ്ങളെ ബലാത്സംഗം ചെയ്യില്ല!!
Representational Image

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറയുന്ന യുവതിയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

എല്ലാവരെയും ശരീരം കാണാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ വേഷം ധരിച്ചിരിക്കുന്നതെന്നും അത് അവരെ ബലാത്സംഗത്തിന് അര്‍ഹരാക്കുന്നുവെന്നുമായിരുന്നു യുവതിയുടെ പക്ഷം. 

പെൺകുട്ടികൾ മാപ്പു പറയാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതിന് തയാറാകാതെ തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികള്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് 'സേഫ്റ്റി' എന്ന സംഘടന. 

www.sanskari-saree.com എന്ന വെബ്‌സൈറ്റിലൂടെ 'ആന്‍റി റേപ്പ് സാരി'കള്‍ പുറത്തിറക്കിയാണ് 'സേഫ്റ്റി'യുടെ പ്രതിഷേധം. 

ചില പ്രത്യേക രീതികളിൽ സാരി ഉടുത്താൽ ബലാത്സംഗം തടയാനാകുമോ എന്നറിയാനാണ് 'ആന്‍റി-റേപ് സാരി'കൾ പുറത്തിറക്കിയിരിക്കുന്നത്. 

സാരികള്‍ വിറ്റ് കിട്ടുന്ന തുക സേഫ്റ്റിയുടെ ഫണ്ടിലേക്ക് നല്‍കാനാണ് സന്‍സ്കാരി വെബ്സൈറ്റിന്‍റെ തീരുമാനം. സ്ത്രീകളെ ശാക്തീകരിക്കുക, സംരക്ഷണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേഫ്റ്റി. 

ബലാത്സംഗം വിരുദ്ധ സംവിധാനം ഉപയോഗിച്ച് തയാറാക്കിയിരിക്കുന്നവയാണ് ഈ സാരികളെന്നാണ് ആക്ഷേപഹാസ്യ രൂപേണ സന്‍സ്കാരി പറയുന്നത്. 

ഒന്നും കാണാനില്ലെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ ഒന്നുമില്ലെന്നാണല്ലോ അര്‍ത്ഥമെന്നും അവര്‍ പറഞ്ഞു.