ആധാര്‍ കാര്‍ഡ് വന്ന ശേഷം പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിനായി നമ്മള്‍ എപ്പോഴും എടുത്തു കൊടുക്കുന്നത് ഇത് തന്നെയാണ്. ഇങ്ങനെ എന്തെങ്കിലും ആവശ്യത്തിനായി ഒരിക്കല്‍ എടുത്തു കൊടുക്കുമ്പോള്‍ ആയിരിക്കും അറിയുന്നത് ഇത് സിസ്റ്റത്തിലേ ഇല്ലെന്ന്!
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇന്നുവരെ ഉപയോഗരഹിതമാക്കിയത് 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ ആണ്. ആധാര്‍ നിയന്ത്രണരേഖയിലെ 27,28 സെക്ഷനുകള്‍ പ്രകാരമാണ് ഇവ റദ്ദാക്കുന്നത്. ഇതിനു മുന്നേ ആധാര്‍ ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് ഗൈഡ്ലൈന്‍ പ്രകാരമായിരുന്നു ഇവ റദ്ദാക്കിക്കൊണ്ടിരുന്നത്. ഇപ്പോള്‍ UIDAI യുടെ പ്രാദേശിക ഓഫീസുകള്‍ക്കും ഇവ റദ്ദാക്കാന്‍ ഉള്ള അനുമതിയുണ്ട്.
കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അഞ്ചു വയസു കഴിഞ്ഞാല്‍ വീണ്ടും ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. 15 വയസു തികയുമ്പോള്‍ ഇവ വീണ്ടും ഒരിക്കല്‍ കൂടി വീണ്ടും എടുക്കണം. ഇതിനായി രണ്ടു വര്‍ഷം സമയപരിധിയും അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ കാന്‍സലാവും
നിങ്ങളുടെ ആധാര്‍ ആക്ടീവ് ആണോയെന്നു പരിശോധിക്കാം
1. ഇതിനായി ആദ്യം ആധാര്‍ ഒഫീഷ്യല്‍ വെബ്സൈറ്റ് എടുക്കുക
https://uidai.gov.in/ ഇതാണ് ആധാര്‍ ഒഫീഷ്യല്‍ വെബ്സൈറ്റ്
2. ഇതില്‍ 'Verify Aadhaar Number'എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക.
3. ഇവിടെ ആധാര്‍ നമ്പര്‍, ക്യാപ്ച്ച എന്നിവ നല്‍കിയ ശേഷം വെരിഫൈ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പച്ച നിറത്തില്‍ ടിക്ക് വരികയാണെങ്കില്‍ നിങ്ങളുടെ ആധാര്‍ ആക്ടീവ് ആണ് എന്നാണു അര്‍ത്ഥം.
ആധാര്‍ ആക്ടീവ് അല്ലെങ്കില്‍ എന്തു ചെയ്യണം?
ആധാര്‍ ആക്ടീവ് അല്ലെങ്കില്‍ ഉടനെ അടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്‍റ് സെന്ററില്‍ നിങ്ങളുടെ കയ്യിലുള്ള തിരിച്ചറിയല്‍ രേഖകളുമായി ചെല്ലുക. നിങ്ങളുടെ അടുത്തുള്ള ആധാര്‍ സെന്റര്‍ അറിയണമെങ്കില്‍ https://appointments.uidai.gov.in/easearch.aspx ഈ ലിങ്ക് സന്ദര്‍ശിക്കുക.
ഇവിടെ ആധാറിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാം. പുതിയ ബയോമെട്രിക്സ് എടുക്കണം. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനായി ഇവിടെ നല്‍കേണ്ട തുക 25 രൂപയാണ്. ഇത് ഓണ്‍ലൈന്‍ വഴിയോ പോസ്റ്റ് വഴിയോ അടയ്ക്കാന്‍ സാധിക്കില്ല, നേരിട്ട് തന്നെ നല്‍കണം. മുന്‍പേ റദ്ദായ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ താരതമ്യപ്പെടുത്തിയാണ് പുതിയ അപ്ഡേഷന്‍ ചെയ്യുക.