ടൈക് കൊല്ലപ്പെട്ടിട്ട് 19 വര്‍ഷങ്ങള്‍...

വെടിവെപ്പിനിടയില്‍ എടുത്ത ടൈക്കിയുടെ ചിത്രത്തില്‍ മനുഷ്യര്‍ക്ക് നേരെ നോക്കുന്ന ഒരു നോട്ടുമുണ്ട്. ആ നോട്ടത്തിലുണ്ട് ടൈക്കിയുടെ യാതനകള്‍.  

Last Updated : Nov 23, 2019, 04:35 PM IST
  • 1994 ആഗസ്റ്റ് 20 നാണ് മദം പൊട്ടിയ ടൈക് എന്ന ആനയെ സുരക്ഷാ സൈന്യം വെടിവെച്ചു കൊല്ലുന്നത്‌.
  • കുട്ടിയായിരുന്ന കാലത്ത് സര്‍ക്കസ് കമ്പനിക്കാര്‍ പിടിച്ചുകൊണ്ടു പോയ ടൈക്കിയ്ക്ക് കൊടിയ ക്രൂരതകളായിരുന്നു അനുഭവിക്കേണ്ടി വന്നത്.
  • വെടിവെപ്പിനിടയില്‍ എടുത്ത ടൈക്കിയുടെ ചിത്രത്തില്‍ മനുഷ്യര്‍ക്ക് നേരെ നോക്കുന്ന ആ നോട്ടത്തിലുണ്ട് ടൈക്കിയുടെ യാതനകള്‍.
ടൈക് കൊല്ലപ്പെട്ടിട്ട് 19 വര്‍ഷങ്ങള്‍...

ടൈക് കൊല്ലപ്പെട്ടിട്ട് പത്തൊന്‍പത് വര്‍ഷം പിന്നിടുന്നു. ഹവായിലെ ഒരു സര്‍ക്കസ് കൂടാരത്തിലെ ആനയാണ് ഈ ടൈക്. 

1994 ആഗസ്റ്റ് 20 നാണ് മദം പൊട്ടിയ ടൈക് എന്ന ആനയെ സുരക്ഷാ സൈന്യം വെടിവെച്ചു കൊല്ലുന്നത്‌. കഴിഞ്ഞ ദിവസം മൃഗസ്‌നേഹികള്‍ ലോകമെമ്പാടും ടൈക്കിയുടെ മരണത്തിന്‍റെ ദുഖാചരണവും നടത്തിയിരുന്നു.

പത്തൊന്‍പത് വര്‍ഷം കഴിഞ്ഞിട്ടും ടൈക്കി ലോക മനസാക്ഷിക്കേറ്റ ഒരു മുറിവായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാരണം മദം പൊട്ടി ആളുകളെ കൊന്ന ഒരാന മാത്രമായിരുന്നില്ല ഈ ടൈക്കി വെടിവച്ചവരെ തിരിഞ്ഞുനോക്കിയ ആനകൂടിയാണ്.  

വെടിയേറ്റു ചരിയുന്നതിനു മുമ്പ് എടുത്ത ഫോട്ടോയില്‍ വെടിവെച്ചവരെ തിരിഞ്ഞു നോക്കുന്ന ടൈക്കിയുടെ കണ്ണുകള്‍ ഇതുവരെയും ലോകം മറന്നിട്ടില്ല. ആ കണ്ണുകള്‍ ഇന്നും ലോകമനസാക്ഷിയെ വിറങ്ങലിപ്പിക്കുന്നുണ്ട് എന്നാണ് അതിനര്‍ത്ഥം.

കുട്ടിയായിരുന്ന കാലത്ത് സര്‍ക്കസ് കമ്പനിക്കാര്‍ പിടിച്ചുകൊണ്ടു പോയതാണ് ടൈക്കിയെ.  കൊടിയ ക്രൂരതകളായിരുന്നു സര്‍ക്കസ് കൂടാരത്തില്‍ ടൈക്കിക്ക് അനുഭവിക്കേണ്ടി വന്നത്. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ടൈക്കി ഇരയായിരുന്നു.

ഇതിനിടയില്‍ രണ്ടുവട്ടം ചാടിപ്പോയ ടൈക്കിയെ സര്‍ക്കസ് ഉടമകള്‍ വീണ്ടും പിടിച്ചുകൊണ്ടുവന്നു.  മദം പൊട്ടിയ ആനയായി ടൈക്കിയെ കണ്ട ജനങ്ങള്‍ ടൈക്കി അനുഭവിച്ച കൊടും ക്രൂരതകളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. 

നിരന്തരം മര്‍ദ്ദനമേറ്റ ടൈക്കിയ്ക്ക് ഒരു ദിവസം നിയന്ത്രണം വിട്ടു. അതോടെ സര്‍ക്കസ് നടക്കുന്നതിനിടയില്‍ തന്നെ മര്‍ദ്ദിച്ച പരിശീലകനെ ടൈക്കി ചവിട്ടിയരച്ചു. ശേഷം ടൈക്കി സര്‍ക്കസ് കൂടാരം വിട്ടു പാഞ്ഞു.

മാത്രമല്ല ജനങ്ങളെ പരിഭാന്ത്രരാക്കിക്കൊണ്ട് ടൈക്കി റോഡില്‍ ഇറങ്ങി അലഞ്ഞു നടന്നു. കണ്ണില്‍ കണ്ട വാഹനങ്ങളെയൊക്കെ തകര്‍ത്തെറിഞ്ഞു. ഒടുവില്‍ വിവരമറിഞ്ഞെത്തിയ പൊലീസ് ടൈക്കിക്കു നേരെ വെടിയുതിര്‍ത്തു. വെടിയേറ്റിട്ടും ടൈക്കി പരക്കം പാഞ്ഞു. 

പൊലീസ് ടൈക്കിക്കു നേരെ വെടിയുതിര്‍ത്തത് ഒന്നും രണ്ടും തവണയല്ല എണ്‍പത്തിയാറു തവണയാണ്. ഒടുവില്‍ രണ്ടു മണിക്കൂറിനു ശേഷം ടൈക്കി ചരിഞ്ഞു.  

വെടിവെപ്പിനിടയില്‍ എടുത്ത ടൈക്കിയുടെ ചിത്രത്തില്‍ മനുഷ്യര്‍ക്ക് നേരെ നോക്കുന്ന ഒരു നോട്ടുമുണ്ട്. ആ നോട്ടത്തിലുണ്ട് ടൈക്കിയുടെ യാതനകള്‍.

രക്ഷപ്പെട്ടെന്ന് കരുതിയടത്തു നിന്നും മരണത്തിലേക്കു നീങ്ങുന്നതിനിടയില്‍ നോക്കുന്ന ആ നോട്ടം ഒരു ജീവനോട് മനുഷ്യര്‍ ചെയ്തുവെച്ച ക്രൂരതകളുടെ അടയാളമായി നിലനില്‍ക്കുന്നു.

Trending News