മോസ്‌കോ: റഷ്യയിലെ സൈബീരിയയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. ഷോപ്പിങ് സെന്ററിനകത്തെ കുട്ടികളുടെ പാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. കുട്ടികളടക്കം ഒട്ടേറെപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. 200 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
തീയില്‍നിന്ന് രക്ഷപ്പടുന്നതിനായി മാളില്‍നിന്ന് താഴേക്ക് ചാടിയവരും മരിച്ചവരില്‍പ്പെടുന്നു. റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇത്. സൈബീരിയയിലെ കെമെറോവോയിലുള്ള ഷോപ്പിങ് സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. അഞ്ചുമണിക്കൂറോളം നേരം ഷോപ്പിങ് സെന്റര്‍ നിന്നുകത്തി. രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും ആദ്യം ഉള്ളിലേക്ക് കടക്കാനാകാതിരുന്നത് മരണസംഖ്യ കൂട്ടാനിടയാക്കി.
കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.ഇനിയും കണ്ടുകിട്ടാനുള്ള 69 പേരില്‍ 40ഓളം കുട്ടികളുണ്ടെന്നാണ് സൂചന. മാളിലെ സിനിമാഹാളില്‍ നിന്ന് മാത്രം 13 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. കുട്ടികളുടെ കളിസ്ഥലത്താണ് തീപിടിച്ചത് മാത്രമല്ല അവിടെയുണ്ടായിരുന്ന സ്‌പോഞ്ച് പോലെ എളുപ്പം തീപിടിക്കുന്ന വസ്തു ദുരന്തത്തിന്‍റെ ആക്കം കൂട്ടി.
സ്‌പോഞ്ചുപോലുള്ള വസ്തു ഏറെയുള്ള ഭാഗത്ത് ഒരു കുട്ടി സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കളിച്ചതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ട്രാംപൊലീന്‍ മുറിയില്‍നിന്നാണ് തീ പിടിച്ചതെന്ന് ഡപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. അധികൃതര്‍ക്ക് ദുരന്തത്തിന്‍റെ വ്യാപ്തി ആദ്യം മനസ്സിലായില്ലെന്ന ആരോപണവുമുണ്ട്. രക്ഷാപ്രവര്‍ത്തനം വൈകിയതും സ്ഥിതി വഷളാക്കുകയായിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് ദുരന്തമുണ്ടായതെന്നാണ് കരുതുന്നത്. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ പ്രസിഡന്റ് പുട്ടിന്‍ അനുശോചനം അറിയിച്ചു.