ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ ഇന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബാഷ്‌കാലി നഗരത്തില്‍ പോളിംഗ് സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു.

Last Updated : Dec 30, 2018, 06:03 PM IST
ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശില്‍ ഇന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബാഷ്‌കാലി നഗരത്തില്‍ പോളിംഗ് സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു.

രാവിലെ എട്ടുമണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. 4 മണിവരെയായിരുന്നു പോളിംഗ്. തിരഞ്ഞെടുപ്പിനായി രാജ്യത്താകമാനം 40,183 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. 

ആകെ 300 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ നിര്യാണംമൂലം മാറ്റിവച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 299 മണ്ഡലങ്ങളില്‍ ആകെ 1,848 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 

കനത്ത സുരക്ഷയിലാണ് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബംഗ്ലാദേശിലും ധാക്കയിലും ശക്തമായ സുരക്ഷയാണ് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലൂടെ കടന്ന് പോകുന്ന എല്ലാ വാഹനങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പരസ്യപ്രചാരണം അവസാനിപ്പിച്ചതിന് ശേഷവും സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. ആറ് ലക്ഷം പൊലീസുകാരെയും സുരക്ഷാ സൈനികരെയുമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്

ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയാണ് തിരഞ്ഞെടുപ്പിലെ പ്രധാനശ്രദ്ധാ കേന്ദ്രം. ജയിച്ചാല്‍ തുടര്‍ച്ചയായി മൂന്നുതവണ ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയാകുന്ന നേതാവാകും ഹസീന.

അവാമി ലീഗും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും തമ്മിലാണ് മുഖ്യ മത്സരം. 

4 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

 

Trending News