ലണ്ടൻ ∙ ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ബ്രെക്സിറ്റ് അഭിപ്രായവോട്ടെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.ഒടുവില്‍ വരുന്ന കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ യൂണിയന് വിടണം എന്ന പക്ഷക്കാര്‍ നേരിയ മുന്‍തൂക്കം നേടിയിരിക്കുകയാണ്. ബ്രിട്ടനും ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഹിതപരിശോധാ ഫലം.
ആദ്യ ഫല സൂചനകൾ പ്രകാരം 51.7% ശതമാനം പേർ തുടരേണ്ടെന്നും 49.8 ശതമാനം പേർ തുടരാനും വോട്ട് ചെയ്തു. ആകെയുള്ള 382ൽ 247 ഇടത്തെ ഫലം പുറത്തു വന്നപ്പോഴാണിത്. ഇന്നു രാവിലെ പത്തരയോടെ ചരിത്രപ്രധാനമായ ഹിതപരിശോധനയുടെ അവസാന ഫലം പുറത്തുവരും.
യൂണിയൻ വിടണമെന്നു വാദിക്കുന്നവർ (ബ്രെക്സിറ്റ്) തോൽക്കുമെന്നു ബ്രിട്ടനിലെ പന്തയക്കാർ കരുതുന്നു. തുടരണം പക്ഷക്കാർക്ക് 82% സാധ്യതയാണു കാണുന്നത്. 2015ലെ പൊതു തിരഞ്ഞെടുപ്പിൽ തൂക്കുസഭ പ്രവചിച്ചു പാളിപ്പോയ സർവേ ഫലങ്ങളെക്കാൾ പന്തയക്കാരെയാണു ബ്രിട്ടനിലെ ജനങ്ങൾ വിശ്വസിക്കുന്നത്.
ഇന്നലെ നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിംഗാണ് നടന്നത്. ബ്രിട്ടനിൽ ഏകദേശം 4.60 കോടി റജിസ്റ്റേഡ് വോട്ടർമാരാണുള്ളത്. ഇതിൽ 12 ലക്ഷം ഇന്ത്യൻ വംശജരാണ്.കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് ഹിതപരിശോധന പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര സാമ്പത്തിക കരാറുകള്‍ ബ്രിട്ടന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നാണ് ബ്രിട്ടന് വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനുള്ളത്. അവസാന നിമിഷവും അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തില്‍ ആറു മുതല്‍ 18 ശതമാനം വരെ ബ്രിട്ടനില്‍നിന്നാണ്. അതുകൊണ്ട് ഹിതപരിശോധനാഫലം ഇന്ത്യന്‍ ഐ.ടി കമ്പനികളും ആശങ്കയോടെയാണ് കാണുന്നത്.